പാതിരാ റെയ്ഡ്: തെരച്ചിൽ നടത്തിയത് സിപിഎം പോലീസ്
Friday, November 8, 2024 1:27 AM IST
തിരുവനന്തപുരം: പാലക്കാട്ട് കോണ്ഗ്രസ് വനിതാ നേതാക്കളുടെ മുറിയിൽ അർധരാത്രിയിൽ പോലീസ് നടത്തിയ റെയ്ഡിനെതിരേ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകി.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനെയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും നോക്കുകുത്തികളാക്കി സംസ്ഥാന ഭരണത്തിനു നേതൃത്വം നൽകുന്ന സിപിഎം പോലീസിനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നു എന്നു ചൂണ്ടിക്കാട്ടിയാണു പരാതി നൽകിയത്.
അർധരാത്രിയിൽ റെയ്ഡിന് എത്തിയ പോലീസ് ഉദ്യോഗസ്ഥർ നിലവിലെ എല്ലാ നിയമങ്ങളും കാറ്റിൽപ്പറത്തിയാണ് മുൻ എംഎൽഎയും കോണ്ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗവുമായ ഷാനിമോൾ ഉസ്മാന്റെയും മഹിളാ കോണ്ഗ്രസ് മുൻ സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണയുടെയും മുറികളുടെ വാതിലിൽ മുട്ടിയതും പരിശോധന നടത്തയതും.
സെർച്ച് നടത്തുന്നത് സംബന്ധിച്ച് ബിഎൻഎസ്എസിൽ നിർദേശിച്ചിരിക്കുന്ന ഒരു നടപടിക്രമവും പോലീസ് പാലിച്ചില്ല.
പരിശോധനയ്ക്കെത്തിയ പോലീസ് സംഘത്തിനൊപ്പം എഡിഎം, ആർഡിഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഇല്ലായിരുന്നു എന്നതും നിയമവിരുദ്ധമാണ്.
രാത്രി 12നു ശേഷം തുടങ്ങിയ പരിശോധന പുലർച്ചെ 2.30 ആയപ്പോൾ മാത്രമാണ് എഡിഎമ്മും ആർഡിഒയും സ്ഥലത്തെത്തിയത്. റെയ്ഡ് വിവരം തങ്ങൾ അറിഞ്ഞില്ലെന്ന് ആർഡിഒ, ഷാഫി പറന്പിൽ എംപിയോട് വ്യക്തമാക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും നിയന്ത്രണങ്ങളും നിലനിൽക്കെ പോലീസിനെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സർക്കാരിനു നേതൃത്വം നൽകുന്ന സിപിഎം ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പരാതിയിൽ ചൂണ്ടിക്കാട്ടി.