ആശങ്കയുടെ മുനമ്പത്ത്: ഐക്യദാര്‍ഢ്യവുമായി സീറോമലബാര്‍ സഭ
Friday, November 8, 2024 1:27 AM IST
കൊച്ചി: കിടപ്പാടത്തിന്റെ നിയമപരമായ അവകാശങ്ങള്‍ക്കായി സമരം ചെയ്യുന്ന മുനമ്പം നിവാസികള്‍ക്ക് സീറോമലബാര്‍ സഭ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
കുടിയിറക്കു ഭീഷണി നേരിടുന്ന മുനമ്പം ജനതയുടെ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടുകയും ഭൂമി പ്രശ്നത്തില്‍ പരിഹാരമുണ്ടാക്കുകയും ചെയ്യണമെന്ന് സഭാ പിആര്‍ഒ റവ. ഡോ. ആന്റണി വടക്കേക്കര ആവശ്യപ്പെട്ടു. നിരാഹാര സമരപ്പന്തലിലെത്തി മുനമ്പം നിവാസികളെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുനമ്പം പ്രദേശത്ത് അധിവസിക്കുന്ന ജനങ്ങളെ കുടിയൊഴിപ്പിക്കുന്ന സാഹചര്യം ഉണ്ടാകരുത്. ഇക്കാര്യത്തില്‍ പ്രദേശവാസികളുടെ ആശങ്കകളകറ്റുന്ന മനുഷ്യത്വപരവും ശാശ്വതവുമായ പ്രശ്നപരിഹാരം ഉടന്‍ ഉണ്ടാകണം. മുനമ്പത്തെ തീരദേശവാസികളുടെ നീതിക്കുവേണ്ടിയുള്ള നിലവിളി കേള്‍ക്കാനും അവരുടെ ന്യായമായ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചു നല്‍കാനും ഒരു നിയമവും തടസമാകരുത്.
കേരളത്തിന്റെ മനഃസാക്ഷിയെ വേദനിപ്പിക്കുന്നതും അനാവശ്യമായ സ്പര്ധയിലേക്കു നയിക്കുന്നതുമായ സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ രാഷ്ട്രീയപാര്‍ട്ടികളും ഭരണനേതൃത്വവും ജാഗ്രത പുലര്‍ത്തണം.
വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് സര്ക്കാര്സംവിധാനങ്ങള് ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും സത്വരവും രമ്യവുമായ പ്രശ്നപരിഹാരത്തിനായി മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.