‘പാളിയ’ പരിശോധന: സിപിഎമ്മിൽ ഭിന്നസ്വരം
Friday, November 8, 2024 1:27 AM IST
പാലക്കാട്: കോണ്ഗ്രസ് വനിതാനേതാക്കൾ താമസിച്ച ഹോട്ടൽമുറികളിൽ പോലീസ് നടത്തിയ പാതിരാ റെയ്ഡിനെച്ചൊല്ലി സിപിഎമ്മിൽ ഭിന്നസ്വരം.
ഷാഫി പറന്പിൽ പോലീസിനു തെറ്റായ വിവരംനൽകി നാടകംകളിച്ചെന്നാണ് മണ്ഡലത്തിലെ ഇടതു സ്ഥാനാർഥി പി. സരിന്റെ ആരോപണം.
ഇല്ലാത്ത വസ്തുതയ്ക്കു പിറകേ കാര്യങ്ങൾ കൊണ്ടുപോയി താത്കാലിക ലാഭമുണ്ടാക്കുന്നതിനുള്ള സ്ഥിരം കുബുദ്ധികളുടെ ശ്രമമാണോയെന്നും ഈ രീതി കഴിഞ്ഞ മൂന്നുതവണ ജയിച്ച എംഎൽഎയ്ക്കുണ്ടെന്നും, ഷാഫി പറന്പലിനെ ഉദ്ദേശിച്ച് ഡോ. സരിൻ പറഞ്ഞു.
യുഡിഎഫ് ക്യാന്പിൽനിന്നു തെറ്റായവിവരം കൈമാറിയുള്ള നാടകമാണോയെന്ന സാധ്യത തള്ളിക്കളായാനാവില്ല. തെറ്റായ വിവരമാണെങ്കിൽ ഇല്ലാത്ത വിഷയം ഉണ്ടാക്കിയെടുക്കാൻ ശ്രമിച്ചോ എന്ന് അന്വേഷിക്കണമെന്നും സരിൻ ആവശ്യപ്പെട്ടു.
എന്നാൽ ഹോട്ടലിലേക്കു കള്ളപ്പണം എത്തിയെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ്ബാബു പറയുന്നത്.
കൊടകര കുഴൽപ്പണവുമായി ബന്ധപ്പെട്ട് നാലു കോടി രൂപ ഷാഫി പറന്പിലിനു നൽകിയെന്ന് ബിജെപി അധ്യക്ഷൻ പറഞ്ഞിട്ടുണ്ടെന്നും ഇ.എൻ. സുരേഷ് ബാബു പറഞ്ഞു.
ആ പണം പാലക്കാട് തെരഞ്ഞടുപ്പിൽ ഉപയോഗിക്കാനാണ് സാധ്യതയെന്നും ഇത് സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.