അരി നൽകിയത് ചാക്കിൽ; കിറ്റിന് റവന്യു വകുപ്പിൽ കണക്കുണ്ടെന്നു മന്ത്രി രാജൻ
Friday, November 8, 2024 1:27 AM IST
തൃശൂർ: മേപ്പാടിയിൽ ദുരന്തബാധിതർക്കു നൽകിയ അരി പുഴുവരിച്ചനിലയിൽ കണ്ടെത്തിയ സംഭവം ഞെട്ടിക്കുന്നതാണെന്നു മന്ത്രി കെ. രാജൻ. വിഷയം ഗൗരവമായി പരിശോധിക്കും.
ജില്ലാ ഭരണകൂടവും റവന്യു വകുപ്പുമാണ് അരി വിതരണംചെയ്തതെന്ന പരാമർശം നിരുത്തരവാദപരമാണ്. റവന്യു വകുപ്പ് നൽകിയ കിറ്റുകൾക്കു കണക്കുണ്ട്. ഏറ്റുവാങ്ങിയതിന്റെ രസീത് പഞ്ചായത്തിന്റെ കൈയിലുമുണ്ട്. അതുവച്ചു പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു.
കൊടുക്കാത്ത ബ്രഡ് പൂത്തെന്നു ചിലർ പറഞ്ഞ സ്ഥലമാണു ചൂരൽമല. സെപ്റ്റംബർ ഒന്പതിനു മൈദയും റവയും കൊടുത്തു. 486 കുടുംബങ്ങക്ക് 18 ഇനം സാധനങ്ങളാണു നൽകിയത്. ഒക്ടോബർ 30നും നവംബർ ഒന്നിനുമാണ് അവസാനമായി കിറ്റ് വിതരണംചെയ്തത്.
51,430 കിലോ അരിയാണു ചാക്കിലാക്കി നൽകിയത്. ഒരുകുടുംബത്തിന് 52 കിലോ നൽകാൻ കഴിയുന്നവിധമാണ് വിതരണം. ഇപ്പോൾ കണ്ടത് ചെറിയ പാക്കറ്റിലുള്ള അരിയാണ്. 30നും, ഒന്നിനും 26 കിലോ വീതമുള്ള ചാക്കിലാണ് അരി നൽകിയത്. മേപ്പാടി പഞ്ചായത്ത് നൽകിയത് 835 ചാക്ക് അരിയാണ്.
ചാക്കിൽനിന്ന് പാക്കറ്റിലേക്ക് ആക്കിയതാണെങ്കിൽ അതു ചെയ്തവർ പുഴുവരിച്ചതു കാണില്ലേയെന്നും മന്ത്രി ചോദിച്ചു. സെപ്റ്റംബർ ഒൻപതിനു നൽകിയതാണ് ഇപ്പോൾ വിതരണം ചെയ്തതെങ്കിൽ ഗുരുതരമായ കുറ്റമാണ്.
എന്തുകൊണ്ട് രണ്ടുമാസക്കാലം എടുത്തുവച്ചു? കൊടുത്തതിൽ ഇനിയും എന്തെങ്കിലും കൊടുക്കാനുണ്ടോ? തുണിത്തരങ്ങൾ ഉൾപ്പെടെ കെട്ടിക്കിടക്കുകയാണെന്നാണു മനസിലാക്കുന്നത്. ഇത്തരം കാര്യങ്ങൾ എന്തു ലാഭത്തിന്റെ പേരിലായാലും ചെയ്യരുതെന്നും മന്ത്രി പറഞ്ഞു.