ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: രജിസ്റ്റർ ചെയ്തത് 26 പ്രഥമവിവര റിപ്പോർട്ടുകൾ
Friday, November 8, 2024 1:27 AM IST
കൊച്ചി: മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന വിവേചനവും ചൂഷണവും അന്വേഷിക്കാനായി നിയോഗിക്കപ്പെട്ട ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകളുടെ വിവരങ്ങളും അന്വേഷണപുരോഗതി റിപ്പോര്‍ട്ടും സര്‍ക്കാര്‍ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് മുമ്പാകെ സമര്‍പ്പിച്ചു.
26 എഫ്ഐആര്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തതായി അഡ്വക്കറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണക്കുറുപ്പ് അറിയിച്ചു. ഇതില്‍ 18 പേര് മൊഴി രേഖപ്പെടുത്തുന്നതടക്കമുള്ള തുടര്‍നടപടിയുടെ കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ സമയം തേടി.
അഞ്ചുപേര്‍ തുടര്‍നടപടികള്‍ക്കു താത്പര്യമില്ലെന്ന് അറിയിച്ചു. മൂന്നുപേര്‍ ഹേമ കമ്മിറ്റിയില്‍ നല്‍കിയതായി പറയുന്ന മൊഴിയെക്കുറിച്ച് അറിയില്ലെന്നാണു പറഞ്ഞത്. അതിനാല്‍ യഥാര്‍ഥത്തില്‍ മൊഴി നല്‍കിയത് ആരാണെന്നു കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും എജി വിശദീകരിച്ചു.
ഡിസംബര്‍ 31ന് മുമ്പു തന്നെ അന്വേഷണം പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കോടതി പറഞ്ഞു. ചില മൊഴികളില്‍ ഇപ്പോള്‍ നടക്കുന്ന പ്രാഥമികാന്വേഷണം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്താണു നടത്തേണ്ടതെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകന് പറഞ്ഞു. അന്വേഷണപുരോഗതിയില്‍ തൃപ്തി രേഖപ്പെടുത്തിയ കോടതി അന്വേഷണം തുടരാമെന്നു നിര്‍ദേശിച്ചു.
കരട് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുമെന്ന് ഹൈക്കോടതി
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ സിനിമാമേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിയമനിർമാണം നടത്തുന്നതിന് സര്‍ക്കാരിനെ സഹായിക്കാന്‍ കരട് നിർദേശങ്ങള്‍ സമര്‍പ്പിക്കുമെന്ന് ഹൈക്കോടതി.
ഹര്‍ജി നല്‍കിയിട്ടുള്ള കക്ഷികളും താത്പര്യമുള്ളവരും കാഴ്ചപ്പാട് പങ്കുവയ്ക്കണം. ഇതു ക്രോഡീകരിക്കാനായി അമിക്കസ് ക്യൂറിയായി അഡ്വ. മിത സുധീന്ദ്രനെ നിയമിച്ചു.
ജസ്റ്റീസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, സി.എസ്. സുധ എന്നിവരുള്‍പ്പെട്ട പ്രത്യേക ബെഞ്ചിന്റേതാണു നടപടി. നിയമനിര്‍മാണത്തിനുള്ള കാഴ്ചപ്പാടുകള്‍ സ്ത്രീപക്ഷ നിലപാട് ഉറപ്പാക്കുന്നതാകണം. നിയമനിര്‍മാണത്തിനുള്ള തങ്ങളുടെ നിര്‍ദേശങ്ങള്‍ അംഗങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്തു തയാറാക്കിയിട്ടുണ്ടെന്ന് ഡബ്യുസിസി അറിയിച്ചു. ഇതുസംബന്ധിച്ച് പ്രത്യേക ഹര്‍ജി നല്‍കുമെന്നും സംഘടന വ്യക്തമാക്കി.
സിനിമാതൊഴിലിടങ്ങളില് ഹെല്‍ത്ത് സേഫ്റ്റി ആന്‍ഡ് എന്‍വയോണ്‍മെന്റ് ഓഫീസര്‍ അനിവാര്യമാണെന്നാവശ്യപ്പെട്ടു കോടതിയെ സമീപിച്ച കള്‍ച്ചറല്‍ അക്കാദമി ഫോര്‍ പീസ് എന്ന സംഘടനയെ കേസില്‍ കക്ഷി ചേരാന്‍ കോടതി അനുമതി നല്കി. എല്ലാ നിർദേശങ്ങളും സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു.