ദുരന്തബാധിതർക്കു നൽകിയ ഭക്ഷ്യവസ്തുക്കളിൽ പുഴു
Friday, November 8, 2024 1:59 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾദുരന്ത ബാധികർക്കു മേപ്പാടി പഞ്ചായത്ത് വിതരണം ചെയ്ത കിറ്റുകളിൽ പുഴുവരിച്ച ഭക്ഷ്യസാധനങ്ങൾ. ദുരന്തബാധിത കുടുംബങ്ങൾക്കു കഴിഞ്ഞ ദിവസം വിതരണം ചെയ്ത കിറ്റുകളിലാണ് ഉപയോഗശൂന്യമായ സാധനങ്ങൾ ഉണ്ടായിരുന്നത്.
പഴക്കംമൂലം പുഴുവരിക്കുകയും കട്ടപിടിക്കുകയും ചെയ്ത അവസ്ഥയിലായിരുന്നു കിറ്റുകളിലെ അരിയും റവയും. കിറ്റിലുണ്ടായിരുന്ന വസ്ത്രങ്ങൾ പഴകിയതായിരുന്നുവെന്നും സാധനങ്ങൾ ഉപയോഗിക്കാൻ കഴിയുന്നതല്ലെന്നും ഗുണഭോക്താക്കൾ പറഞ്ഞു.
ഭക്ഷ്യസാധനങ്ങളുമായി ദുരന്തബാധിതർ ഇന്നലെ രാവിലെ പഞ്ചായത്തിലെത്തി പ്രതിഷേധിച്ചു.ഡിവൈഎഫ്ഐ പ്രവർത്തകർ പഞ്ചായത്ത് കാര്യാലയം ഉപരോധിച്ചു. പഞ്ചായത്ത് ഓഫീസിലേക്കു തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് തടഞ്ഞു. ഇതു നേരിയ സംഘർഷത്തിനു കാരണമായി. സന്നദ്ധ സംഘടനകളും റവന്യു അധികൃതരും ലഭ്യമാക്കിയതാണു കിറ്റുകളെന്ന് മേപ്പാടി പഞ്ചായത്ത് അധികൃതർ പറഞ്ഞു.
കിറ്റുകൾ വിതരണം ചെയ്തത് ഉദ്യോഗസ്ഥരാണെന്നു പഞ്ചായത്ത് ജൂണിയർ സൂപ്രണ്ട് അവകാശപ്പെട്ടു. പഞ്ചായത്ത് സ്വന്തമായി കിറ്റുകൾ വിതരണം ചെയ്യുന്നില്ലെന്നു സൂപ്രണ്ട് പറഞ്ഞു.
പിന്നീട് എൽഡിഎഫ്-ഡിവൈഎഫ്ഐ പ്രവർത്തകർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലെ ഗോഡൗണ് തുറന്നു പരിശോധിച്ചു.
ഇതിനിടെ, പഴക്കമുള്ള സാധനങ്ങൾ വിതരണം ചെയ്തതിൽ മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു, വൈസ് പ്രസിഡന്റ് രാധ രാമസ്വാമി എന്നിവരുടെ നേതൃത്വത്തിൽ യുഡിഎഫ് ഭരണസമിതി അംഗങ്ങൾ കളക്ടറേറ്റിലെത്തി പ്രതിഷേധം അറിയിച്ചു.
അതിനിടെ, വടക്കേവയനാട്ടിലെ തോൽപ്പെട്ടിയിൽ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രം പതിച്ച ഭക്ഷ്യക്കിറ്റുകൾ തെരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് പിടിച്ചെടുത്തു.
കോണ്ഗ്രസ് പ്രാദേശിക നേതാവിന്റെ വീടിനോടു ചേർന്നു മില്ലിൽ സൂക്ഷിച്ച നിലയിലായിരുന്നു കിറ്റുകൾ. ഉരുൾ ദുരിതബാധിതർക്കു നൽകാനുള്ളതെന്ന് കിറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ദുരന്തബാധിതർക്കു വിതരണം ചെയ്യുന്നതിനു നേരത്തേ എത്തിച്ച കിറ്റുകളാണു മില്ലിൽ സൂക്ഷിച്ചിരുന്നതെന്നു കോണ്ഗ്രസ് നേതാക്കൾ പറഞ്ഞു. കിറ്റുകൾ തിരുനെല്ലി പോലീസ് സ്റ്റേഷനിലേക്കു മാറ്റി.