ഓടയിൽ വീണ് വിദേശിയുടെ തുടയെല്ല് പൊട്ടി
Friday, November 8, 2024 1:27 AM IST
മട്ടാഞ്ചേരി: ഫോർട്ട്കൊച്ചിയിലെത്തിയ വിദേശ യുവാവിന് ഓടയിൽ വീണു പരിക്ക്. ഫോർട്ട്കൊച്ചി കസ്റ്റംസ് ജെട്ടിയുടെ നവീകരണത്തിന്റെ ഭാഗമായി ഓട നിർമാണത്തിനായി എടുത്ത കുഴിയിൽ വീണ് ഫ്രഞ്ച് സ്വദേശി അലക്സാണ്ടർ ലാൻഡ (39) നാണു പരിക്കേറ്റത്.
ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം. ഫോർട്ട്കൊച്ചിയിൽനിന്ന് എറണാകുളത്തേക്കു പോകാൻ ജെട്ടിയിലെത്തിയതായിരുന്നു ലാൻഡനും അമ്മ ലറൻസ് യെലിയും. തിരക്കുള്ള സമയമായതിനാൽ ഇടുങ്ങിയ വഴിയിലൂടെ നടന്നപ്പോൾ കാൽതെറ്റി ഓടയിലേക്ക് വീഴുകയായിരുന്നു.
യുവാവിന്റെ കാലാണ് ഓടയിൽ അകപ്പെട്ടത്. ഇടത്തേ തുടയെല്ലിന് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഓട്ടോ തൊഴിലാളികൾ ചേർന്നാണ് ഫോർട്ട്കൊച്ചി സർക്കാർ ആശുപത്രിയിൽ എത്തിച്ചത്.
പ്രാഥമിക ചികിത്സയ്ക്കുശേഷം പരിക്ക് ഗുരുതരമായതിനാൽ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയും ശസ്ത്രക്രിയ വേണ്ടതിനാൽ എറണാകുളം ആസ്റ്റർ മെഡ്സിറ്റിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
ശാരീരിക ബുദ്ധിമുട്ടുള്ളതിനാൽ ആയുർവേദ ചികിത്സയുടെ ഭാഗമായാണ് ലാൻഡനും അമ്മയും കൊച്ചിയിലെത്തിയത്. ഫോർട്ട്കൊച്ചിയിലെ സിത്താര ഹോംസ്റ്റേയിൽ താമസിക്കുകയായിരുന്നു.
സിഎസ്എംഎലിന്റെ നേതൃത്വത്തിലാണ് ഫോർട്ട്കൊച്ചി ജെട്ടി നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. രണ്ടു മാസം കൊണ്ടു തീർക്കേണ്ട ജോലി ആറുമാസമായിട്ടും ഇഴഞ്ഞുനീങ്ങുകയാണ്. നേരത്തെയും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ ഓടയിൽ വീണ സംഭവങ്ങളുണ്ടായിട്ടുണ്ട്.