സമഗ്ര അന്വേഷണം വേണമെന്ന് എം.വി. ഗോവിന്ദൻ
Friday, November 8, 2024 1:27 AM IST
തൃശൂർ: പാലക്കാട്ട് പാതിരാ റെയ്ഡിൽ കോണ്‍ഗ്രസുകാരുടെ വാദങ്ങൾ പൊളിയുന്നുവെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞതു കളവാണെന്നും വ്യക്തമായി. രാഹുൽ ഹോട്ടലിൽ ഉണ്ടായിരുന്നുവെന്നു പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽനിന്നു വ്യക്തമാണ്. ബിജെപിയും കോണ്‍ഗ്രസും ഇന്ത്യയിലും കേരളത്തിലും കള്ളപ്പണം ഒഴുകിയതിന്റെ ചരിത്രമാണ് ഇപ്പോൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്.
വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തണം. രാഹുലിന്റെ ശുക്രദശ തെളിഞ്ഞുവെന്നാണു കോണ്‍ഗ്രസ് അധ്യക്ഷൻ പറഞ്ഞത്. കൂടോത്രത്തെപ്പറ്റി നല്ല ധാരണയുള്ള ആളാണു സുധാകരനെന്നും എം.വി. ഗോവിന്ദൻ പരിഹസിച്ചു.
വ്യാജ ഐഡി കാർഡ് നിർമിച്ച ഫെനിയാണു പെട്ടി കൊണ്ടുപോയത്. താമസിക്കാത്ത ഒരു ലോഡ്ജിലേക്കു പെട്ടിയും കൊണ്ടുവരേണ്ട കാര്യമുണ്ടോ. കുന്പളങ്ങ കട്ടവന്റെ തലയിൽ ഒരു നര എന്ന് പറഞ്ഞപ്പോൾ അറിയാതെ തടവിപ്പോയവന്റെ അവസ്ഥയാണു രാഹുലിനിപ്പോൾ. കോണ്‍ഗ്രസും ബിജെപിയും ആയിട്ടാണു ഡീൽ. ഞങ്ങളുടെ ഒന്നാമത്തെ ശത്രു ബിജെപിയാണ്.
ഷാഫി പറന്പിലിനു നാലു കോടി കൊടുത്തുവെന്നു ബിജെപി അധ്യക്ഷൻ പറഞ്ഞിട്ട് എന്തുകൊണ്ടാണു വി.ഡി. സതീശൻ മിണ്ടാതിരിക്കുന്നതെന്നും ഗോവിന്ദൻ ചോദിച്ചു. പാലക്കാട് ബിജെപി കള്ളപ്പണം കൊണ്ടുവന്നു എന്നതിനു ഞങ്ങളുടെ പക്കൽ നിലവിൽ തെളിവില്ല. തെളിവ് കിട്ടിയാൽ പരാതി നൽകും- അദ്ദേഹം കൂട്ടിച്ചേർത്തു.