സ്വർണക്കടത്ത് കേസ്: കപിൽ സിബലിന് നൽകിയത് 1.21 കോടി
Friday, November 8, 2024 1:27 AM IST
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിന്റെ വിചാരണ ബംഗളൂരുവിലേക്കു മാറ്റാതിരിക്കാനും കടമെടുപ്പു പരിധിയിൽ കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരേയും സുപ്രീംകോടതിയിൽ കേരളത്തിനായി ഹാജരായ പ്രമുഖ അഭിഭാഷകൻ കപിൽ സിബലിന് ഫീസ് ഇനത്തിൽ സംസ്ഥാന സർക്കാർ നൽകിയത് 1.21 കോടി രൂപ.
സ്വർണക്കടത്ത് കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യത്തിനെതിരേ ഹാജരായ കപിൽ സിബൽ ഒരു സിറ്റിംഗിനുള്ള ഫീസ് 15.50 ലക്ഷം രൂപയാണ്. ഈ കേസിൽ മേയ് ഏഴിന് സുപ്രീംകോടതിയിൽ ഹാജരായതിന് അദ്ദേഹത്തിന് 15.50 ലക്ഷം നവംബർ അഞ്ചിന് അനുവദിച്ചു.
ഇതേ കേസിൽ മുൻപ് ഹാജരായതിന് മറ്റൊരു 15.50 ലക്ഷം നേരത്തേ അനുവദിച്ചിരുന്നു. സ്വർണക്കടത്തു കേസിന്റെ കോടതി മാറ്റാതിരിക്കാൻ രണ്ടു തവണയായി കപിൽ സിബലിന് സംസ്ഥാന ഖജനാവിൽ നിന്നു നൽകിയത് 31 ലക്ഷം രൂപയാണ്.
സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങൾക്കുമെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് ഉന്നയിച്ചത്.
സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരേ സുപ്രീംകോടതിയിൽ കേരളം നൽകിയ കേസിൽ ഹാജരായതും കപിൽ സിബലായിരുന്നു. 90.50 ലക്ഷം രൂപയാണ് അദ്ദേഹത്തിന് ഫീസായി നൽകിയത്.
സംസ്ഥാന സർക്കാരിന്റെ സുപ്രീംകോടതിയിലെ സ്റ്റാൻഡിംഗ് കോണ്‍സിൽ, കേരളത്തിന്റെ അഡ്വക്കേറ്റ് ജനറൽ, സർക്കാർ അഭിഭാഷകർ എന്നിവർക്ക് പുറമേയാണ് കപിൽ സിബലും ഹാജരായത്.