കൊല്ലം കളക്ടറേറ്റ് ബോംബ് സ്ഫോടനം: പ്രതികൾക്ക് ജീവപര്യന്തം
Friday, November 8, 2024 1:59 AM IST
കൊല്ലം: കളക്ടറേറ്റ് ബോംബ് സ്ഫോടനക്കേസിൽ രണ്ടാം പ്രതിക്ക് കോടതി യുഎപിഎ നിയമപ്രകാരം മൂന്നു ജീവപര്യന്തം ശിക്ഷ വിധിച്ചു. ഒന്നും മൂന്നും പ്രതികൾക്ക് രണ്ടു ജീവപര്യന്തമാണു ശിക്ഷ.
രണ്ടാം പ്രതി തമിഴ്നാട് മധുര നോർത്ത് പുത്തൂർ വിശ്വാനന്ത നഗർ രാമുകോത്തനാട് ഹൗസ് നമ്പർ 17ൽ ഷംസൂൺ കരിംരാജ (33)യെയാണ് മൂന്നു ജീവപര്യന്തത്തിനു കൊല്ലം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ജി. ഗോപകുമാർ ശിക്ഷിച്ചത്.
കരീംരാജയാണ് ബോംബ് സ്ഥാപിച്ച് സ്ഫോടനം നടത്തിയത്. ഒന്നാം പ്രതി തമിഴ്നാട് മധുര ഇസ്മയിൽപുരം നാലാം തെരുവ് ഹൗസ് നമ്പർ 11/23ൽ അബ്ബാസ് അലി (31), മധുര സൗത്ത് നേൽപെട്ടൈ കരിംഷാ മസ്ജിദ് ഒന്നാം തെരുവ് ഹൗസ് നമ്പർ 23/13ൽ ദാവൂദ് സുലൈമാൻ (27) എന്നിവരെ രണ്ടു ജീവപര്യന്തത്തിനും ശിക്ഷിച്ചു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. പ്രതികളെല്ലാം നിരോധിത തീവ്രവാദ സംഘടനയായ ബേസ് മൂവ്മെന്റിന്റെ പ്രവർത്തകരാണ്. 2016 ജൂൺ 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കൂടാതെ മൂന്നു പ്രതികളെയും വിവിധ വകുപ്പുകൾ പ്രകാരം 34 വർഷം വീതം കഠിനതടവിനും ശിക്ഷിച്ചു. രണ്ടാം പ്രതി രണ്ടുലക്ഷം രൂപയും ഒന്നും മൂന്നും പ്രതികൾ 1.70 ലക്ഷം രൂപയും പിഴ ഒടുക്കണം. പിഴത്തുകയിൽ 10,000 രൂപ സ്ഫോടനത്തിൽ പരിക്കേറ്റ കുണ്ടറ പേരയം സ്വദേശി സാബുവിനു നൽകാനും കോടതി ഉത്തരവിട്ടു.
പിഴ അടച്ചില്ലെങ്കിൽ 22 മാസം അധികതടവ് അനുഭവിക്കണം. 2017 മാർച്ച് എട്ടുമുതൽ 2024 നവംബർ ഏഴുവരെയുള്ള വിചാരണക്കാലാവധി ശിക്ഷയിൽ ഇളവുചെയ്യണമോ എന്ന് സർക്കാരിന് തീരുമാനിക്കാമെന്നും ഉത്തരവിൽ പറയുന്നു. നാലാം പ്രതിയെ കോടതി വിട്ടയച്ചിരുന്നു. അഞ്ചാം പ്രതി മാപ്പുസാക്ഷിയായി. പ്രതികളെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേക്കു മാറ്റി.