കെഎസ്ഇബി : ഈ മാസവും സര്‍ചാര്‍ജ് ഈടാക്കും
Friday, November 8, 2024 12:32 AM IST
തിരുവനന്തപുരം: ഈ മാസവും കെഎസ്ഇബി ഉപയോക്താക്കളില്‍ നിന്നും സര്‍ചാര്‍ജ് ഈടാക്കും. യൂണിറ്റിന് 19 പൈസയാണ് ഈടാക്കുക. ഇതില്‍ യൂണിറ്റിന് ഒന്‍പത് പൈസ എന്നത് റെഗുലേറ്ററി കമ്മീഷന് അംഗീകരിച്ചതാണ്.
എന്നാല്‍ യൂണിറ്റിന് 10 പൈസ എന്ന നിരക്കില്‍ സര്‍ചാര്‍ജ് കെഎസ്ഇബി ഈടാക്കുന്നത് സെപ്റ്റംബര്‍ മാസത്തെ അധിക ച്ചെലവ് നികത്തുന്നതിനായാണ്. 28.73 കോടി രൂപയാണ് സെപ്റ്റംബര്‍ മാസത്തെ അധികച്ചെലവ്.
അതേസമയം സംസ്ഥാനത്തെ വൈദ്യുതി നിരക്കു വര്‍ധന ഉപതെരഞ്ഞെടുപ്പിന് ശേഷമുണ്ടാകുമെന്നാണ് വിവരം. നിലവിലെ താരിഫിന്റെ കാലാവധി ഈ മാസം 30 വരെ നീട്ടിയിട്ടുള്ളതിനാല്‍ ഉപതെരഞ്ഞെടുപ്പിനു ശേഷം ഈ മാസം അവസാനത്തെ ആഴ്ച പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ച് ഡിസംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തിലാക്കാനാണ് സാധ്യത.
കെഎസ്ഇബിയുടെ അപേക്ഷയിന്മേല് ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന് പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്ന് നിരക്ക് വര്‍ധനയിലേക്ക് നീങ്ങുന്നതിനിടയിലാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടത്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കമ്മീഷന് ബാധകമല്ലെങ്കിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനിടിയല് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചാല്‍ അത് തിരിച്ചടിയാകുമെന്ന സര്‍ക്കാര്‍ നിലപാടിന്റെ അടിസ്ഥാനത്തിലാണ് നിരക്ക് വര്‍ധന നീട്ടിവച്ചത്.
ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് യൂണിറ്റിന് 30 പൈസ വരെ വര്‍ധന വരുത്തണമെന്നും വേനല്‍ക്കാലത്ത് മാത്രമായി യൂണിറ്റിന് പത്ത് പൈസ അധികമായി ഈടാക്കാന്‍ കഴിയുന്ന തരത്തില്‍ സമ്മര്‍ താരിഫ് ഏര്‍പ്പെടുത്തണമെന്നുമുള്ള ശിപാര്‍ശയാണ് കെഎസ്ഇബി റെഗുലേറ്ററി കമ്മീന് മുന്‍പാകെ സമര്‍പ്പിച്ചിട്ടുള്ളത്. എന്നാല്‍ ഇതിനെതിരേ കമ്മീഷന്റെ പൊതുതെളിവെടുപ്പിലടക്കം വലിയ ജനരോഷം ഉയര്‍ന്നിരുന്നു.