പുതിയ ഡീസല്‍ കാറുകള്‍ വാങ്ങാന്‍ മോട്ടോര്‍ വാഹന വകുപ്പ്
Friday, November 8, 2024 1:27 AM IST
കോഴിക്കോട്: സേഫ് കേരള പദ്ധതിക്കായി മോട്ടോര്‍വാഹന വകുപ്പ് ഇലക്ട്രിക് കാറുകള്‍ വാടകയ്ക്കെടുത്തതു വന്‍ പരാജയം.
വാഹന പരിശോധനകള്‍ക്കുള്ള പട്രോളിംഗിന് ഇലക്ട്രിക് കാറുകള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയാത്തതും ഇതിനകം എട്ടുകോടിയില്‍പരം രൂപ ഇലക്ട്രിക് കാറുകള്‍ക്കു വാടകയിനത്തില്‍ നല്‍കേണ്ടി വന്നതും പരിഗണിച്ചു പുതിയ ഡീസല്‍, പെട്രോള്‍ കാറുകള്‍ സ്വന്തമായി വാങ്ങാനാണ് മോട്ടോര്‍വാഹന വകുപ്പിന്റെ തീരുമാനം.
ഇലക്ട്രിക് വാഹനങ്ങള്‍ സ്വന്തമായി വാങ്ങാനാവശ്യമായ തുകയ്ക്കടുത്തു തന്നെ വാടകയിനത്തില്‍ നല്‍കേണ്ടി വന്നത് സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നത്.
ഇന്ത്യയിലെ ഒരു പ്രമുഖ കാര്‍ നിര്‍മാതാക്കളുടെ 65 ഇലക്ട്രിക് എസ്യുവി കാറുകള്‍ അടക്കം മൊത്തം 71 ഇലക്ട്രിക് വാഹനങ്ങളാണ് അനര്‍ട്ട് മുഖേനെ 2022 അവസാനം മോട്ടോര്‍ വാഹന വകുപ്പ് എട്ടുവര്‍ഷത്തേക്കു വാടകയ്ക്കെടുത്തത്.
71 വാഹനങ്ങള്‍ക്കായി മൊത്തം 8.50 കോടി രൂപയാണു മോട്ടോര്‍ വാഹന വകുപ്പ് ഇതുവരെയായി വാടക നല്‍കിയത്. കാര്‍ ഒന്നിന് 35,000 രൂപയാണ് ആദ്യം മാസവാടക നിശ്ചയിച്ചിരുന്നത്. പിന്നീട് ഇത് ചര്‍ച്ചകളിലൂടെ 27,000 രൂപയായി കുറച്ചു.
ഒറ്റത്തവണ ചാര്‍ജില്‍ 312 കിലോമീറ്റര്‍ വരെ മൈലേജ് കിട്ടുമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനമെങ്കിലും നിരത്തില്‍ നിയമംലംഘിച്ചു കുതിച്ചു പായുന്ന വാഹനങ്ങള്‍ക്കു പുറകെ 24 മണിക്കൂറും പായുന്നതില്‍ ഇലക്ട്രിക് കാറുകള്‍ പിന്നോട്ടായിരുന്നു. ചാര്‍ജിംഗ് സംബന്ധിച്ച സാങ്കേതിക ബുദ്ധിമുട്ടുകളും സേഫ് കേരള പദ്ധതിയെ ബാധിച്ചു.
കരാര്‍ കാലാവധി കഴിയുമ്പോള്‍ ചെറിയ തുക നല്കി ഇലക്ട്രിക്് കാര്‍ മോട്ടോര്‍വാഹന വകുപ്പിനു സ്വന്തമാക്കാന്‍ കഴിയുന്ന വ്യവസ്ഥയും കരാറില്‍ ഉണ്ടെങ്കിലും ഭാവിയില്‍ ഇലക്ട്രിക് കാറുകളെ അധികം ആശ്രയിക്കേണ്ടെന്നാണ് സര്‍ക്കാരിന്റെ നിലപാട്.
മോട്ടോര്‍ വാഹന വകുപ്പില്‍ കാലാവധി കഴിഞ്ഞ 59 ഡീസല്‍ വാഹനങ്ങള്‍ക്കു പകരം ഫോസില്‍ ഇന്ധനം ഉപയോഗിച്ചോടുന്ന, 10 ലക്ഷം രൂപയില്‍ കൂടാത്ത ഡീസല്‍ കാറുകള്‍ വാങ്ങാനാണു സര്‍ക്കാര്‍ തീരുമാനം.
10 ലക്ഷം രൂപയില്‍ കൂടാത്ത ഡീസല്‍ വാഹനങ്ങളോ അല്ലെങ്കില്‍ 20 ലക്ഷം രൂപയില്‍ കൂടാത്ത ഇലക്ട്രിക് കാറുകളോ വാങ്ങാന്‍ അനുമതി ആവശ്യപ്പെട്ടു ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സമര്‍പ്പിച്ച പദ്ധതിയില്‍ ഇലക്ട്രിക് കാറുകള്‍ക്കുള്ള ശിപാര്‍ശ സര്‍ക്കാര്‍ പാടെ തള്ളിയാണ് ഡീസല്‍ കാറുകള്‍ വാങ്ങാന്‍ അനുമതി നല്‍കിയിരിക്കുന്നത്.