പള്ളികൾ ഏറ്റെടുക്കൽ: കോടതിയലക്ഷ്യക്കേസ് ഇന്നു പരിഗണിക്കും
Friday, November 8, 2024 1:27 AM IST
കൊച്ചി: തർക്കം നിലനിൽക്കുന്ന ആറു പള്ളികൾ ഏറ്റെടുക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിൽ സർക്കാരിനെതിരേയുള്ള കോടതിയലക്ഷ്യക്കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, മധ്യമേഖല ഐജി, ജില്ലാ കളക്ടർമാർ എന്നിവരടക്കം എതിർകക്ഷികൾ നേരിട്ടു ഹാജരാകണമെന്ന് കോടതി നിർദേശിച്ചിരുന്നു.
ഉപതെരഞ്ഞെടുപ്പ് ചുമതലയിലുള്ള പാലക്കാട് കളക്ടർ നേരിട്ടു ഹാജരാകുന്നതിൽനിന്ന് തന്നെ ഒഴിവാക്കണമെന്നും ഓൺലൈനായി ഹാജരാകാമെന്നും ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ അറിയിച്ചു. ഇതു കോടതി അംഗീകരിച്ചു.
യാക്കോബായ സഭയുടെ കൈവശമായിരുന്ന പള്ളികൾ സർക്കാർ ഏറ്റെടുത്ത് ഓർത്തഡോക്സ് പക്ഷത്തിനു കൈമാറണമെന്ന് സുപ്രീം കോടതിയടക്കം ഉത്തരവിട്ടിരുന്നു. എന്നാൽ വിശ്വാസികളുടെ ചെറുത്തുനില്പ്മൂലം ഏറ്റെടുക്കാൻ സാധിക്കുന്നില്ലെന്നാണ് സർക്കാർ നിലപാട്.
എറണാകുളം ജില്ലയിലെ ഓടക്കാലി സെന്റ് മേരീസ്, പുളിന്താനം സെന്റ് ജോൺസ്, മഴുവന്നൂർ സെന്റ് തോമസ്, പാലക്കാട് ജില്ലയിലെ മംഗലംഡാം സെന്റ് മേരീസ്, എരിക്കിൻചിറ സെന്റ് മേരീസ്, ചെറുകുന്നം സെന്റ് തോമസ്എന്നീ പള്ളികളാണ് ഏറ്റെടുക്കാൻ കളക്ടർമാർക്ക് ഓഗസ്റ്റ് 30 ന് സിംഗിൾ ബെഞ്ച് നിർദേശം നൽകിയത്. ഇതിനെതിരേ അപ്പീൽ നൽകിയെങ്കിലും ഡിവിഷൻ ബെഞ്ച് തള്ളി. തുടർന്നാണ് സിംഗിൾ ബെഞ്ച് കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്.