അഭിനയത്തിനു താത്കാലിക കട്ട്; രാഷ്ട്രീയത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ സുരേഷ് ഗോപി
Friday, November 8, 2024 12:32 AM IST
തൃശൂർ: സിനിമ അഭിനയത്തിനു താത്കാലിക കട്ട് പറഞ്ഞ് രാഷ്ട്രീയത്തിൽ സജീവമാകാൻ സുരേഷ് ഗോപി. കേന്ദ്രത്തിൽനിന്നുള്ള ഇടപെടലിനെത്തുടർന്നാണു സുരേഷ് ഗോപി അഭിനയമോഹം തത്കാലം മാറ്റിവച്ച് കേന്ദ്രസഹമന്ത്രിയുടേയും എംപിയുടേയും റോളിൽ കൂടുതൽ സജീവമാകാൻ നിശ്ചയിച്ചിരിക്കുന്നത്. എംപിയുടെ തൃശൂരിലെ ഓഫീസ് വൈകാതെ പ്രവർത്തനമാരംഭിക്കുമെന്നാണു വിവരം.
തൃശൂർ എംപിക്കു തൃശൂരിൽ ഓഫീസില്ലെന്ന പരാതിക്കാണ് ഇതോടെ വിരമാമാകുന്നത്. കേന്ദ്രമന്ത്രിമാർക്കു സിനിമയിൽ അഭിനയിക്കാൻ അനുമതിയില്ലെന്നതാണു സുരേഷ്ഗോപിക്കു തിരിച്ചടിയായത്. കേന്ദ്രസഹമന്ത്രിയാകാൻ അദ്ദേഹം മടിച്ചുനിന്നതും ഇതേ കാരണംകൊണ്ടാണ്.
താൻ ഏറ്റെടുത്തിട്ടുള്ള സിനിമകളുടെ ചിത്രീകരണം കഴിയും വരെ വലിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ താത്പര്യമില്ലെന്നായിരുന്നു സുരേഷ്ഗോപി തുടക്കത്തിൽ പറഞ്ഞിരുന്നത്.
തൃശൂർ ലോക്സഭാ മണ്ഡലത്തിൽ സജീവമാകാനും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ നില കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിക്കാനുമാണ് അദ്ദേഹത്തിനുള്ള നിർദേശമെന്നറിയുന്നു. ഈ സൂചനകൾ സിനിമാമേഖലയിൽ വലിയ ചർച്ചയായിട്ടുണ്ട്.