നവീൻ ബാബുവിന്റെ മരണത്തെക്കുറിച്ച് പരീക്ഷാ ചോദ്യം; മഞ്ചേശ്വരം കാന്പസിലെ അധ്യാപകനെ പിരിച്ചുവിട്ടു
Friday, November 8, 2024 12:32 AM IST
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ചോദ്യം തയാറാക്കിയ അധ്യാപകനെ പിരിച്ചുവിട്ടു. കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള മഞ്ചേശ്വരം കാന്പസിലെ എൽഎൽബി അസി. പ്രഫസറായ എറണാകുളം കോലഞ്ചേരി സ്വദേശി ഷെറിൻ സി. ഏബ്രഹാ മിനെയാണ് പിരിച്ചുവിട്ടത്.
രണ്ടുവർഷമായി മഞ്ചേശ്വരം കാന്പസിൽ ഗസ്റ്റ് അധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു. ഒക്ടോബർ 28 നായിരുന്നു മൂന്നാം സെമസ്റ്റർ എൽഎൽബി കോഴ്സിന്റെ ഭാഗമായുള്ള ഇന്റേണൽ പരീക്ഷ നടന്നത്.
ഹ്യൂമൻ റൈറ്റ്സ് ലോ ആൻഡ് പ്രാക്ടീസ് എന്ന പരീക്ഷയുടെ പാർട്ട് ബിയിലെ ചോദ്യമാണ് നവീൻ ബാബുവിനെക്കുറിച്ചായത്. നവീൻ ബാബുവിന്റെ മരണത്തിൽ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉള്ളത് ചൂണ്ടിക്കാണിക്കുവാനും അത് മനുഷ്യാവകാശപരമായ വശങ്ങളിലൂടെ എഴുതുവാനുമായിരുന്നു ചോദ്യത്തിൽ പറഞ്ഞിരുന്നത്.
എന്നാൽ, ഉച്ചയ്ക്ക് ഒന്നോടെ ആരംഭിച്ച പരീക്ഷയിൽ 1.45 ആയപ്പോൾ ഇടതുപക്ഷസംഘടനയിൽപ്പെട്ട വിദ്യാർഥി ചോദ്യത്തിനെതിരേ പ്രതിഷേധിച്ചു. തുടർന്ന്, ചോദ്യവുമായി ബന്ധപ്പെട്ട് എച്ച്ഒഡിക്കും കണ്ണൂർ സർവകലാശാല അധികൃതർക്കും വിദ്യാർഥികളിൽ ചിലർ പരാതി നല്കുകയായിരുന്നു.
അധ്യാപകനോടു വിശദീകരണം പോലും ചോദിക്കാതെ ഇക്കഴിഞ്ഞ മൂന്നിന് ഇനി ജോലി ചെയ്യാൻ വരേണ്ടതില്ലെന്ന് ഫോണിലൂടെ കോളജ് അധികൃതർ ഷെറിനെ അറിയിക്കുകയായിരുന്നു.
എന്നാൽ, സമകാലിക പ്രസക്തിയുള്ള ഒരു വിഷയം കുട്ടികൾക്ക് ചോദ്യമായി നല്കിയതല്ലാതെ യാതൊരുവിധ രാഷ്ട്രീയവും ഉദ്ദേശിച്ചിട്ടില്ലെന്ന് അധ്യാപകനായ ഷെറിൻ സി. ഏബ്രഹാം പറഞ്ഞു.