പാലക്കാട് സംഭവം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി
Friday, November 8, 2024 12:32 AM IST
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാതെ പാലക്കാട്ട് പോലീസ് നടത്തിയ റെയ്ഡിനേയും അതേ തുടർന്നുണ്ടായ വിവാദങ്ങളേയും കുറിച്ച് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോടു വിശദീകരണം തേടി.
കേരളത്തിൽ നിന്ന് പ്രതിപക്ഷ നേതാവിന്റെ അടക്കമുള്ള പരാതികൾ സഹിതമാണ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ സിഇഒയോടു വിശദീകരണം തേടിയത്.
ജില്ലാ വരണാധികാരി കൂടിയായ പാലക്കാട് ജില്ലാ കളക്ടറുടെ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാകും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നൽകുക.
പാലക്കാട്ടെ പോലീസ് നടപടിയെക്കുറിച്ചു സംസ്ഥാന പോലീസ് മേധാവിയിൽ നിന്നും മുഖ്യ തെരഞ്ഞെടുപ്പു ഓഫീസർ വിശദീകരണം തേടും. ഇത്തരം വിശദീകരണങ്ങളുടെ കൂടി അടിസ്ഥാനത്തിലാകും മറുപടി.
അതിനിടെ പാലക്കാടു നടന്ന പോലീസ് റെയ്ഡിന്റെ വിവരങ്ങൾ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷയുടെ ക്രമീകരണമുള്ള പോലീസ് ആസ്ഥാനത്തെ നോഡൽ ഓഫീസർ തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകി.
ഇന്നലെ വടക്കൻ ജില്ലകളിലായിരുന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ പ്രണബ് ജ്യോതിനാഥ് ഇന്നു തിരുവനന്തപുരത്തെത്തിയ ശേഷമാകും ഇക്കാര്യത്തിൽ തുടർ തീരുമാനങ്ങൾ കൈക്കൊള്ളുക. എന്നാൽ, പാലക്കാട് നടന്ന സംഭവങ്ങളുടെ ഔദ്യോഗിക വിശദീകരണം മാധ്യമങ്ങൾ വഴി ജനങ്ങളെ അറിയിക്കാൻ സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോ അദ്ദേഹത്തിന്റെ കാര്യാലയമോ തയാറാകാത്തതും ദുരൂഹത ഉയർത്തുന്നുണ്ട്.
കഴിഞ്ഞ ദിവസം ജില്ലാ വരണാധികാരി കൂടിയായ പാലക്കാട് ജില്ലാ കളക്ടറോടു റിപ്പോർട്ട് തേടിയിരുന്നു. എന്നാൽ, ഇവർ മറുപടി നൽകിയിട്ടില്ലെന്നാണു വിവരം.
പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പു കമ്മീഷനേയും തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരേയും നോക്കുകുത്തികളാക്കി പോലീസിനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം ശ്രമിക്കുന്നതായി ആരോപിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പ്രതിപക്ഷ നേതാവിന്റെ അടക്കമുള്ള പരാതികൾ ലഭിച്ചത്.