റേഷൻ മസ്റ്ററിംഗിന് മേരാ ഇകെവൈസി ആപ്
Friday, November 8, 2024 12:32 AM IST
തിരുവനന്തപുരം: റേഷൻ മസ്റ്ററിംഗ് (e-KYC updation) മൊബൈൽ ഫോൺ ഉപയോഗിച്ച് ചെയ്യുന്നതിനായി നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ വികസിപ്പിച്ചെടുത്ത മേരാ ഇകെവൈസി ഫെയ്സ് ആപ് ഉപയോഗിക്കാം.
ഈ ആപ് മുഖേന റേഷൻ മസ്റ്ററിംഗ് ആദ്യമായി നടത്തുന്ന സംസ്ഥാനമാണ് കേരളം. ഇതിലേക്കായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും Aadhaar Face RD, Mera eKYCഎന്നീ രണ്ട് ആപ്പുകൾ ഡൗൺലോഡ് ചെയ്യുക. മേരാ ഇകെവൈസി ആപ്പ് ഓപ്പൺ ചെയ്ത് സംസ്ഥാനം തെരഞ്ഞെടുത്ത് ആധാർ നമ്പർ എന്റർ ചെയ്യുക.
തുടർന്ന് ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള ഫോണിൽ ലഭിക്കുന്ന OTP നൽകി ഫെയ്സ് കാപ്ച്ചർ വഴി മസ്റ്ററിംഗ് പൂർത്തിയാക്കാം. മേരാ ഇകെവൈസി ആപ് ഉപയോഗിച്ച് പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ പൂർണമായും സൗജന്യമായി മസ്റ്ററിംഗ് ചെയ്യും. മസ്റ്ററിംഗ് ഇതുവരെ ചെയ്യാത്ത ഗുണഭോക്താക്കൾക്ക് ഈ സേവനം താലൂക്ക് സപ്ലൈ ഓഫീസ് മുഖാന്തിരം സൗജന്യമായി ലഭിക്കും.