വയനാട്ടിലെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി നല്കിയ വാഗ്ദാനങ്ങള്‍ ഒന്നും പാലിച്ചില്ല: മല്ലികാര്‍ജുന്‍ ഖാര്‍ഗെ
Friday, November 8, 2024 12:32 AM IST
നിലമ്പൂര്‍: വയനാട്ടിലെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്കിയ വാഗ്ദാനങ്ങള്‍ ഒന്നും പാലിച്ചില്ലെന്ന് കോണ്‍ഗ്രസ് അഖിലേന്ത്യ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ ചന്തക്കുന്ന് നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം 2000 കോടി രൂപയുടെ പുനരധിവാസ പാക്കേജിനായി അപേക്ഷിച്ചിട്ടും ഒരു സഹായവും അനുവദിച്ചില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കാണു കേന്ദ്ര സഹായത്തിന്റെ ഭൂരിഭാഗവും ലഭിച്ചുകൊണ്ടിരിക്കുന്നത്. ബുദ്ധിമുട്ടുണ്ടാകുന്ന സമയത്ത് ഇങ്ങനെയാണോ ഒരു സര്‍ക്കാര്‍ ജനങ്ങളോടു പെരുമാറേണ്ടത്. കോണ്‍ഗ്രസ് ഒരു സംസ്ഥാനത്തോടും വിവേചനം കാണിച്ചിട്ടില്ല. എല്ലാവര്ക്കും തുല്യമായ അവകാശങ്ങള്‍ നല്‍കുക എന്നത് കോണ്‍ഗ്രസിന്റെ പ്രതിബദ്ധതയാണ്. മോദി പൊള്ളയായ കാര്യങ്ങള്‍ മാത്രം പറയുന്ന മനുഷ്യനാണ്.
വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ ജനങ്ങളുമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് അഭേദ്യമായ ബന്ധമാണുള്ളത്. രാഹുല്‍ ഗാന്ധി, എംപി ഫണ്ട് വയനാടിനു വേണ്ടി പൂര്‍ണമായും ഉപയോഗിച്ചു. ഉരുള്‍പൊട്ടല്‍ ദുരന്തമടക്കം ഉണ്ടായപ്പോള്‍ രാഹുല്‍ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മണ്ഡലത്തിലെ ജനങ്ങളോട് തോളോടു തോള്ചേര്ന്നാണു നിന്നത്.
കേരളത്തിലെ ജനങ്ങള്‍ നിലനില്‍ക്കുന്നത് മതേതര ഇന്ത്യക്കു വേണ്ടിയാണ്. മണിപ്പുരില്‍ നടന്ന പ്രശ്നങ്ങള്‍ ലോകത്തെ അറിയിക്കാന്‍ വേണ്ടിയാണ് ഭാരത് ജോഡോ യാത്ര രാഹുല്‍ ഗാന്ധി മണിപ്പുരില്‍നിന്ന് ആരംഭിച്ചത്. ഇത്രയും മോശമായ സാഹചര്യം ഉണ്ടായിട്ടും നരേന്ദ്ര മോദി ഇതുവരെ മണിപ്പുരില്‍ പോകാന്‍ തയാറായില്ലെന്നും അദ്ദേഹം പറഞ്ഞു. വയനാട് മണ്ഡലത്തിലെ ഓരോ പ്രശ്നവും അവയ്ക്കുള്ള പരിഹാരവും എടുത്തുപറഞ്ഞായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രസംഗം.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ.സി വേണുഗോപാല്‍, ദീപ ദാസ് മുന്‍ഷി, കെ.പിസിസി പ്രസിഡന്റ് കെ. സുധാകരന്, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല, മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എ.പി. അനില്‍കുമാര്‍ എംഎല്‍എ, ഒളിമ്പ്യനും ഹരിയാന നിയമസഭയിലെ കോണ്‍ഗ്രസ് എംഎല്‍എയുമായ വിനേഷ് ഫോഗട്ട്, എംപിമാരായ പി.വി. അബ്ദുല്‍ വഹാബ്, ആന്റോ ആന്റണി, ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ്, കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന് ഷൗക്കത്ത്, ഷിബു ബേബി ജോണ്‍, ടി.വി. ഇബ്രാഹിം എംഎല്‍എ, കെ.എം ഷാജി, ഇക്ബാല്‍ മുണ്ടേരി, ഇസ്മായില്‍ മുത്തേടം എന്നിവർ പങ്കെടുത്തു.