രാജ്ഭവനിലേക്കു വ്യാപാരികൾ മാർച്ച് നടത്തി
Friday, November 8, 2024 12:32 AM IST
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വ്യാപാര വിരുദ്ധ നയങ്ങൾക്കെതിരേ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാജ്ഭവനിലേയ്ക്കു മാർച്ച് നടത്തി. തുടർന്നു നടന്ന ധർണ ഭാരതീയ ഉദ്യോഗ് മണ്ഡൽ ദേശീയ പ്രസിഡന്റ് ബാബുലാൽഗുപ്ത ഉദ്ഘാടനം ചെയ്തു. ഇന്നലെ രാവിലെ 10.30 നു മ്യൂസിയം ജംഗ്ഷനിൽ നിന്നാണു മാർച്ച് ആരംഭിച്ചത്.
കുത്തകകളിൽനിന്നും ഓണ്‍ലൈൻ ഭീമന്മാരിൽനിന്നും ചെറുകിട വ്യാപാരികളെ സംരക്ഷിക്കുക, കെട്ടിട വാടകയുടെ മേൽ ജിഎസ്ടി ബാധ്യത വ്യാപാരികളുടെ തലയിൽകെട്ടിവച്ച തീരുമാനം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കുഞ്ഞാവു ഹാജി, സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി, ട്രഷറർ ദേവരാജൻ, സീനിയർ വൈസ് പ്രസിഡന്റ് കെ. വി. അബ്ദുൽ ഹമീദ്, സി. ധനീഷ് ചന്ദ്രൻ, വൈ. വിജയൻ, എം. കെ. തോമസ്കുട്ടി, പി. സി. ജേക്കബ്, എ. ജെ. ഷാജഹാൻ, കെ. അഹമ്മദ് ശരീഫ്, ബാബു കോട്ടയിൽ, സണ്ണി പൈന്പിള്ളിൽ, ബാപ്പു ഹാജി എന്നിവർ മാർച്ചിനു നേതൃത്വം നൽകി.