ഗോപാലകൃഷ്ണന്റെ ഫോണ് ഹാക്ക് ചെയ്തിട്ടില്ലെന്ന് ഗൂഗിൾ
Friday, November 8, 2024 1:27 AM IST
തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരുടെ മത അടിസ്ഥാനത്തിലുള്ള വാട്സ് ആപ് ഗ്രൂപ്പ് രൂപീകരിച്ചെന്ന് ആരോപണം ഉയർന്ന വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണന്റെ ഫോണ് ഹാക്ക് ചെയ്തിട്ടില്ലെന്ന് ഗൂഗിളും പോലീസിന് മറുപടി നൽകി. ഗോപാലകൃഷ്ണന്റെ ഫോണ് ഹാക്ക് ചെയ്തല്ല വാട്സ് ആപ് ഗ്രൂപ്പുകൾ രൂപീകരിച്ചതെന്നാണ് മറുപടി.
ഗോപാലകൃഷ്ണന്റെ ഫോണിന്റേത് അല്ലാത്ത ഐപി വിലാസം ഗ്രൂപ്പുകൾ രൂപീകരിക്കുന്നതിനായി ഉപയോഗിച്ചിട്ടില്ലെന്ന് ഇന്റർനെറ്റ് സേവനദാതാക്കളും അറിയിച്ചു. ഗോപാലകൃഷ്ണൻ തന്നെയാണ് ഗ്രൂപ്പ് ക്രീയേറ്റ് ചെയ്തതെന്നാണ് പോലീസ് പറയുന്നത്. നേരത്തേ ഹാക്കിംഗ് നടന്നിട്ടില്ലെന്ന് വാട്സ്ആപ്പും പോലീസിന് റിപ്പോർട്ട് നൽകിയിരുന്നു.
അതേസമയം, ഗ്രൂപ്പുകളുണ്ടാക്കി എന്നത് അല്ലാതെ വർഗീയ പരമായ സന്ദേശങ്ങൾ കൈമാറിയിട്ടില്ലാത്തതിനാൽ കേസെടുക്കണോ എന്ന കാര്യത്തിൽ സർക്കാർ തീരുമാനം കൂടി അറിഞ്ഞ ശേഷമാകും പോലീസ് തുടർ തീരുമാനം എടുക്കുക.
ഗോപാലകൃഷ്ണന്റെ രണ്ട് ഫോണുകൾ പിടിച്ചെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.