വയനാട് പുനർനിർമാണം: കേന്ദ്രം 529.5 കോടി അനുവദിച്ചു; ചോദിച്ചത് പാക്കേജ് തരുന്നത് വായ്പ
Saturday, February 15, 2025 1:52 AM IST
തിരുവനന്തപുരം: വയനാട് പുനർ നിർമാണത്തിനായി കേന്ദ്രസഹായം തേടിയ കേരളത്തിന് 529.5 കോടിയുടെ കാപ്പക്സ് വായ്പ അനുവദിച്ച് കേന്ദ്രസർക്കാർ. നടപ്പ് സാന്പത്തിക വർഷത്തിലെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സംസ്ഥാനങ്ങൾക്കുള്ള മൂലധനനിക്ഷേപ സഹായമായ കാപ്പക്സ് വായ്പ കേന്ദ്രം കേരളത്തിന് അനുവദിച്ചത്. 50 വർഷം കൊണ്ടു തിരിച്ചടയ്ക്കേണ്ട പലിശരഹിത വായ്പയാണിത്.
എന്നാൽ, മാർച്ച് 31നകം തുക വിനിയോഗ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് ധന അഡീഷണൽ ചീഫ് സെക്രട്ടറിക്കു ലഭിച്ച അറിയിപ്പിൽ നിഷ്കർഷിക്കുന്നതെന്നാണു സർക്കാർ വാദം. ഒന്നര മാസത്തിനകം വിനിയോഗ സർട്ടിഫിക്കറ്റ് നൽകണമെന്ന കേന്ദ്ര നിബന്ധന വയനാട് പുനർ നിർമാണ പ്രവർത്തനത്തിനുള്ള വായ്പ നേടിയെടുക്കുന്നതിനെ ദോഷകരമായി ബാധിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.
വീടു നിർമാണം, അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായുള്ള റോഡ്, പാലം, ആശുപത്രി, അങ്കണവാടി, സ്കൂൾ, വൈദ്യുതീകരണം, ജലവിതരണം അടക്കമുള്ള നിർമാണ- അടിസ്ഥാന സൗകര്യ വികസനങ്ങളായ 16 ഇനങ്ങൾക്കായി വായ്പത്തുക ഉപയോഗിക്കാമെന്നു കേന്ദ്രത്തിന്റെ കത്തിൽ പറയുന്നുണ്ട്.
31നകം വിനിയോഗ സർട്ടിഫിക്കറ്റ് നൽകാൻ കഴിയുമോ എന്ന കാര്യമാണ് സംസ്ഥാനം പരിശോധിക്കുന്നത്. എങ്കിൽ മാത്രമേ വായ്പത്തുക വയനാട് പുനർനിർമാണത്തിനായി വിനിയോഗിക്കാൻ കഴിയൂ.
1000 ചതുരശ്ര അടിയിൽ നിർമിക്കുന്ന ഒറ്റനില വീടുകൾ സ്പോണ്‍സർമാർ നിർമിച്ചു നൽകുംവിധമാണ് എസ്റ്റിമേറ്റ് തയാറാക്കിയിട്ടുള്ളത്. ഒരു വീടിന് 25 ലക്ഷം രൂപ വീതം ചെലവഴിക്കണമെന്ന സംസ്ഥാന നിബന്ധനയിൽ സ്പോണ്സർമാരിൽ നല്ലൊരു വിഭാഗം വൈമുഖ്യം പ്രകടിപ്പിച്ചിരുന്നു.
നഗരസഭാ പരിധിയിൽ ഉൾപ്പെടുന്ന എൽസ്റ്റണ്‍ എസ്റ്റേറ്റിൽ അഞ്ച് സെന്റ് ഭൂമി വീതം ഉൾപ്പെടുന്ന 467 വീട് യൂണിറ്റുകൾ ഉൾപ്പെടുന്ന ടൗണ്‍ഷിപ്പും നെടുന്പാല എസ്റ്റേറിൽ 10 സെന്റ് വീതമുള്ള 266 വീട് യൂണിറ്റുകൾ ഉൾപ്പെടുന്ന ടൗണ്‍ഷിപ്പുമാണ് വിഭാവനം ചെയ്തിട്ടുള്ളത്.
ഇപ്പോഴത്തെ സാഹചര്യത്തിൽ വായ്പത്തുകയ്ക്ക് ആനുപാതികമായി മാസ്റ്റർ പ്ലാൻ തയാറാക്കി സമർപ്പിക്കേണ്ടതുണ്ട്. എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ചു കൊണ്ട് പുതുക്കിയ എസ്റ്റിമേറ്റ് തയാറാക്കി കേന്ദ്രസർക്കാരിനു സമർപ്പിക്കാൻ സാധിക്കുമോ എന്നതാണു കേരളത്തിനു മുന്നിലുള്ള വെല്ലുവിളി.