പാതിവില തട്ടിപ്പ്: ലാലി വിന്‍സെന്റിന്റെ പങ്കാളിത്തം സംബന്ധിച്ച് റിപ്പോര്‍ട്ട് തേടി
Tuesday, February 18, 2025 2:24 AM IST
കൊച്ചി: പകുതി വിലയ്ക്ക് സ്കൂട്ടര്‍ വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തിയ കേസില്‍ കോണ്‍ഗ്രസ് നേതാവ് അഡ്വ. ലാലി വിന്‍സെന്റിന്റെ പങ്കാളിത്തം സംബന്ധിച്ച് റിപ്പോര്‍ട്ട് തേടി ഹൈക്കോടതി.
ലാലിക്കെതിരേ നല്കിയ മൊഴിപ്പകര്‍പ്പ് ഹാജരാക്കാന്‍ ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണന് അന്വേഷണ ഉദ്യോഗസ്ഥനു നിര്‍ദേശം നല്കി. കേസില്‍ താന്‍ നിരപരാധിയാണെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ചൂണ്ടിക്കാട്ടി ലാലി നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയിലാണ് ഉത്തരവ്. ലാലിയെ ഏഴാം പ്രതിയാക്കി കണ്ണൂര്‍ ടൗണ്‍ സൗത്ത് പോലീസാണ് കേസെടുത്തിരിക്കുന്നത്.
മുഖ്യപ്രതി അനന്തു കൃഷ്ണനില്‍നിന്ന് തട്ടിപ്പിന്റെ വിഹിതമായ 46 ലക്ഷം രൂപ ലാലി വിന്‍സെന്റ് കൈപ്പറ്റിയെന്നാണു പ്രോസിക്യൂഷന്റെ ആരോപണം. എന്നാല്‍, ഒന്നാം പ്രതി അനന്തു കൃഷ്ണന്റെ നിയമോപദേശക എന്നനിലയില്‍ പ്രവര്‍ത്തിച്ചിരുന്നതായും ഇത്തരം സേവനങ്ങള്‍ മാത്രമാണു താന്‍ ചെയ്തിട്ടുള്ളതെന്നും ഹര്‍ജിയില്‍ പറയുന്നു.
അനന്തുവിനുവേണ്ടി പല കരാറുകളും തയാറാക്കിയിട്ടുണ്ട്. ആരോപിക്കപ്പെടുന്ന തുക വക്കീല്‍ ഫീസായി അഞ്ചുവര്‍ഷം കൊണ്ടു കൈപ്പറ്റിയതാണെന്നും ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് വെള്ളിയാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്കാന് കോടതി നിര്‍ദേശിച്ചത്.