പാതിവില തട്ടിപ്പ്: പ്രതികളുടെ വീടുകളിലും സ്ഥാപനങ്ങളിലും ഇഡി റെയ്ഡ്
Wednesday, February 19, 2025 3:00 AM IST
കൊച്ചി: പാതി വില തട്ടിപ്പു കേസില്‍ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ ഇഡി റെയ്ഡ്. പ്രതി അനന്തു കൃഷ്ണന്, സായിഗ്രാം ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എന്‍. ആനന്ദകുമാര്‍ എന്നിവരുടെ സ്ഥാപനങ്ങളിലും വീടുകളിലും കോണ്‍ഗ്രസ് നേതാവ് അഡ്വ. ലാലി വിന്‍സെന്റിന്റെ കൊച്ചിയിലെ വീട്ടിലുമാണ് ഇഡി പരിശോധന നടത്തിയത്.
ഇന്നലെ പുലര്‍ച്ചെയോടെ സംസ്ഥാനത്തെ 12 ഇടങ്ങളില്‍ ഒരേസമയം ആരംഭിച്ച പരിശോധനകള്‍ രാത്രിയോടെയാണ് അവസാനിച്ചത്.
അനന്തു കൃഷ്ണന്റെ തൊടുപുഴയിലെ വീട്ടിലും കോളപ്രയിലെ സ്ഥാപനം, കളമശേരിയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന പ്രതിയുടെ സ്വന്തം സ്ഥാപനം തുടങ്ങിയ ഇടങ്ങളിലും, കെ.ആന്‍. ആനന്ദകുമാറിന്റെ തോന്നയ്ക്കലിലെ സായിഗ്രാം ട്രസ്റ്റ്, ശാസ്തമംഗലത്തെ ഓഫീസ്, അഡ്വ. ലാലി വിന്‍സെന്റിന്റെ എറണാകുളം മറൈന്‍ഡ്രൈവിലെ വസതി എന്നിവിടങ്ങളിലും ഇഡി വിശദ പരിശോധന നടത്തി.
അനന്തുവിന്റെ വീട്ടിലെ കംപ്യൂട്ടറില്‍നിന്ന് ഇഡി സംഘം വിവരങ്ങള്‍ ശേഖരിച്ചു. തട്ടിപ്പുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടന്നതായാണ് ഇഡി സംശയിക്കുന്നത്. കഴിഞ്ഞ ദിവസം പരാതിക്കാരില്‍നിന്നു വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു.
അനന്തുവിന്റെ അക്കൗണ്ടിലൂടെ 159 കോടി രൂപയുടെ ഇടപാട് നടന്നതായാണു പ്രാഥമിക കണ്ടെത്തല്‍. പലരിൽനിന്നായി പിരിച്ചെടുത്ത പണം കള്ളപ്പണമായി പലര്‍ക്കും കൈമാറിയിട്ടുണ്ടെന്നാണ് ഇഡിയുടെ വിലയിരുത്തല്‍.