റാഗിംഗ്: കൂടുതല്‍ പേരെ പ്രതി ചേര്‍ത്തേക്കും
Wednesday, February 19, 2025 1:21 AM IST
കോട്ടയം: ഗവണ്മെന്റ് നഴ്സിംഗ് കോളജ് ഹോസ്റ്റലില്‍ നടന്ന റാഗിംഗ് കേസിലെ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ഗാന്ധിനഗര്‍ പോലീസ് സമര്‍പ്പിച്ച ജാമ്യാപേക്ഷ ഇന്ന് ഏറ്റുമാനൂര്‍ കോടതി പരിഗണിക്കും.
അനുമതി ലഭിച്ചാല്‍ ഇന്ന് ഉച്ചകഴിഞ്ഞ് പ്രതികളെ കോളജ് ഹോസ്റ്റലില്‍ എത്തിക്കും. പരാതിക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യലിനുശേഷം കൂടുതല്‍ സീനിയര്‍ വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയുമുണ്ട്.
ജൂണിയര്മാരായ നാലു പേരുടെ പരാതിയിലുള്ള ചോദ്യം ചെയ്യലും തെളിവെടുപ്പുമാണ് പൂര്‍ത്തിയാക്കേണ്ടത്. മദ്യപിക്കാന്‍ പണം നല്‍കാത്ത ദിവസങ്ങളില്‍ മൂന്നു മാസമായി ജൂണിയര്‍ വിദ്യാര്‍ഥികളെ മാറി മാറി പ്രതികള്‍ പീഡിപ്പിച്ചിരുന്നുവെന്നാണ് പരാതി.
പരാതി നല്കിയ ഓരോ വിദ്യാര്‍ഥിയെയും പീഡനത്തിനിരയാക്കിയ ദിവസം, സമയം തുടങ്ങിയ വിവരങ്ങള്‍ ചോദിച്ചറിയണം. നാലു ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.