ശ്രീവരാഹം ബാലകൃഷ്ണൻ അന്തരിച്ചു
Wednesday, February 19, 2025 3:00 AM IST
തിരുവനന്തപുരം : കഥാകൃത്തും എഴുത്തുകാരനും അധ്യാപകനും തിരക്കഥാകൃത്തുമായ ശ്രീവരാഹം ബാലകൃഷ്ണൻ െന്ന എം. ബാലകൃഷ്ണൻ നായർ (93) അന്തരിച്ചു.
തൈക്കാട് ചിത്രയിൽ ഇന്നലെ രാവിലെ ഒൻപതിനായിരുന്നു അന്ത്യം. ഭാര്യ: പി.എസ്.രാധ. മക്കൾ: ശ്യാം കൃഷ്ണ, സൗമ്യ കൃഷ്ണ. മരുമകൻ: ശ്യാംകുമാർ. സംസ്കാരം ഇന്നു വൈകുന്നേരം നാലിന് തൈക്കാട് ശാന്തികവാടത്തിൽ.
ധനുവച്ചപുരം സർക്കാർ കോളജ്, മട്ടന്നൂർ പഴശിരാജ കോളജ്, കേരള ഹിന്ദി പ്രചാർ സഭ എന്നി വിടങ്ങളിൽ ഇംഗ്ലീഷ് അധ്യാപകനായി സേവനമനുഷ്ഠിച്ചു. പന്ത്രണ്ടുവർഷത്തോളം രാജ്ഭവനിൽ പബ്ലിക് റിലേഷൻസ് ഓഫീസറായി പ്രവർത്തിച്ചു. ഹിന്ദു ദിനപത്രത്തിൽ വർഷങ്ങളോളം കോളമെഴുതി.
സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര അവാർഡ് നിർണയ സമിതിയിൽ രണ്ടു തവണ അംഗമായി. പബ്ലിക് റിലേഷൻസ് വകുപ്പിനായി അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത പ്രതിസന്ധി എന്ന ചിത്രത്തിനു തിരക്കഥ രചിച്ചു. കെ.ജി.ജോർജിന്റെ മമ്മൂട്ടി ചിത്രമായ "ഇലവങ്കോട് ദേശ'ത്തിനു സംഭാഷണം നൽകിയതു ശ്രീവരാഹം ബാലകൃഷ്ണനായിരുന്നു.
ലെനിൻ രാജേന്ദ്രന്റെ "സ്വാതിതിരുനാൾ' എന്ന ചിത്രത്തിനും ഹരികുമാറിന്റെ "സ്നേഹപൂർവം മീര', ജേസിയുടെ സംവിധാനത്തിൽ പിറന്ന "അശ്വതി' എന്നീ ചിത്രങ്ങൾക്കു തിരക്കഥയെഴുതി.
"ഈടും ഭംഗിയുമാണ് ഹാന്റക്സിന്റെ ഊടും പാവും’എന്ന പരസ്യവാചകം ഹാന്റക്സിനു വേണ്ടി എഴുതിയതു ശ്രീവരാഹം ബാലകൃഷ്ണനായിരുന്നു. ചലച്ചിത്രനടൻ ജനാർദനന്റെ സിനിമാപ്രവേശത്തിനു വഴിതുറന്നതും അദ്ദേഹമായിരുന്നു. നടനും നാടകകൃത്തുമായ അന്തരിച്ച പി.ബാലചന്ദ്രൻ ഭാര്യാസഹോദരനാണ്.
ലഭിച്ച അവാർഡുകൾ: കേരള സംസ്ഥാന ടെലിവിഷൻ അവാർഡ്, അബുദാബി ശക്തി അവാർഡ്. പ്രധാന രചനകൾ: അബ്ദുള്ളക്കുട്ടി (കഥ), നദീമധ്യത്തിലെത്തുംവരെ (കഥ).