സിദ്ധാർഥന്റെ മരണത്തിന് ഇന്ന് ഒരാണ്ട്; റാഗിംഗിന് അറുതിയില്ലാതെ കാന്പസുകൾ
Tuesday, February 18, 2025 2:24 AM IST
തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥൻ ക്രൂര റാഗിംഗിനിരയായി മരണമടഞ്ഞിട്ട് ഇന്ന് ഒരാണ്ട്. ഒരു വർഷം പിന്നിടുന്പോൾ വീണ്ടും ഉയരുന്നത് കോട്ടയം ഗാന്ധിനഗർ നഴ്സിംഗ് കോളജിലെ ക്രൂരമായ റാഗിംഗ് വാർത്തകൾ.
കാന്പസുകളിൽ റാഗിംഗ് ശക്തമാകുന്പോഴും സർക്കാരിന്റെ ഭാഗത്തുനിന്നു ശക്തമായ നടപടികൾ കൈക്കൊള്ളാത്തതാണ് റാഗിംഗ് ആവർത്തിക്കാൻ കാരണമെന്ന ആക്ഷേപം ഉയരുന്നു.
കോളജ് ഹോസ്റ്റലിലെ റാഗിംഗിനെ തുടർന്ന് മാനസിക സംഘർഷത്തിലായിരുന്ന സിദ്ധാർഥിനെ കഴിഞ്ഞ ഫെബ്രുവരി 18 നാണ് കോളജ് ഹോസ്റ്റലിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. മരണവുമായി ബന്ധപ്പെട്ട് 17 വിദ്യാർഥികളെ സർവകലാശാലയിലെ ആന്റി റാഗിംഗ് കമ്മിറ്റി മൂന്നുവർഷത്തേക്ക് കോളജിൽ നിന്ന് നീക്കി. വിസിയെയും പുറത്താക്കി. കോളജ് ഡീനിനേയും, ഹോസ്റ്റൽ അസിസ്റ്റന്റ് വാർഡനേയും സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു.
അന്വേഷണത്തിന് റിട്ടയേഡ് ജസ്റ്റീസ് ഹരിന്ദ്രനാഥനെ നിയോഗിച്ചു. അദ്ദേഹം മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിച്ചു. അന്നത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരിട്ട് ഇടപെട്ടാണ് ഈ നടപടികൾ കൈക്കൊണ്ടത്.
എന്നാൽ പുറത്താക്കപ്പെട്ട വിദ്യാർഥികൾ കോടതിയെ സമീപിച്ച് കോളജിൽ പ്രവേശിപ്പിക്കാനും പരീക്ഷ എഴുതാൻ അനുവദിക്കാനും അനുമതി നേടി. കോടതി ഉത്തരവിനെതിരേ സിദ്ധാർഥന്റെ മാതാപിതാക്കൾ നൽകിയ അപ്പീലിനെ തുടർന്ന് ഹൈക്കോടതിയുടെ ഡിവിഷൻബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തതോടെ പ്രതികളായ വിദ്യാർഥികൾക്ക് പഠനം തുടരാനായിട്ടില്ല.
മകൻ നഷ്ടപ്പെട്ട മാതാപിതാക്കൾ ഇപ്പോഴും കോടതി കയറിയിറങ്ങുകയാണ്. ഉന്നത സിപിഎം നേതാക്കൾ ഇടപെട്ടാണ് എസ്എഫ്ഐക്കാരായ പ്രതികളെ സംരക്ഷിച്ചതെന്ന ആക്ഷേപം ശക്തമായിരുന്നു. സിദ്ധാർഥന്റെ ശരീരത്തിൽ 19 ഗുരുതരമുറിവുകൾ ഉണ്ടെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്.
സിദ്ധാർഥന്റെ വയറ്റിൽ ജലാംശം ഉണ്ടായിരുന്നില്ലെന്നും പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ പറയുന്നു. അവധി ദിവസം വീട്ടിലേക്ക് മടങ്ങിയ ഈ വിദ്യാർഥിയെ ഹോസ്റ്റലിലേക്ക് മടക്കി വിളിച്ചാണ് ക്രൂരമായി റാഗിംഗ് നടത്തിയത്.
സിദ്ധാർഥന്റെ കുടുംബത്തിന് സഹായം നല്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെയും ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും നിർദേശങ്ങൾ ഉണ്ടായിട്ടും ഇതുവരെ സാന്പത്തിക സഹായം നല്കിയിട്ടില്ല. സിദ്ധാർഥന്റെ മരണം സിബിഐ അന്വേഷണത്തിലായതുകൊണ്ട് സാന്പത്തിക സഹായം നൽകാനാവില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്.