കാര്യവട്ടത്തെ റാഗിംഗ് ; ഏഴു വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു
Wednesday, February 19, 2025 3:00 AM IST
തിരുവനന്തപുരം: കാര്യവട്ടം കാമ്പസിൽ ജൂണിയർ വിദ്യാർഥിയെ റാഗ് ചെയ്ത സംഭവത്തിൽ ഏഴ് സീനിയർ വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. വിദ്യാർഥികളായ വേലു, പ്രിൻസ്, അനന്തൻ, പാർഥൻ, അലൻ, ശ്രാവണ്‍, സൽമാൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
ആന്റി റാഗിംഗ് കമ്മിറ്റിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ പ്രിൻസിപ്പൽ കഴക്കൂട്ടം പോലീസിന് റിപ്പോർട്ട് നൽകിയിരുന്നു. പ്രിൻസിപ്പലിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റാഗിംഗിന് കഴക്കൂട്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ബയോടെക്നോളജി ഒന്നാംവർഷ വിദ്യാർഥിയാണ് പ്രിൻസിപ്പലിനും കഴക്കൂട്ടം പോലീസിലും പരാതി നൽകിയിരുന്നത്. മൂന്നാംവർഷ ബിരുദവിദ്യാർഥികളായ ഏഴു പേർക്കെതിരേയായിരുന്നു പരാതി.
സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും പരിശോധിച്ചാണ് റാഗിംഗ് നടന്നതായി കണ്ടെത്തിയത്. റാഗിംഗിന് ഇരയായ വിദ്യാർഥിയുടെ വിശദമായ മൊഴി കഴക്കൂട്ടം പോലീസ് രേഖപ്പെടുത്തി.