മത്സ്യ-സമുദ്ര പഠനത്തിലൂടെ ലഭ്യമാകുന്ന അറിവ് പ്രയോജനപ്പെടുത്തണം: ഗവര്‍ണര്‍
Tuesday, February 18, 2025 2:24 AM IST
കൊച്ചി: മത്സ്യ-സമുദ്ര പഠനത്തിലുടെ ലഭ്യമാകുന്ന അറിവ് സാമൂഹിക വികസനത്തിനും രാഷ്ട്രനിര്‍മാണത്തിനും ഉതകുന്ന രീതിയില്‍ പ്രയോജനപ്പെടുത്തണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയുടെ (കുഫോസ്) 10-ാമത് ബിരുദദാന ചടങ്ങ് കൊച്ചിയിലെ ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പണവും പ്രശസ്തിയും പ്രഥമ ലക്ഷ്യമാക്കരുതെന്നും പുരസ്കാര ജേതാക്കള്‍ ജോലി തേടുന്നവര്‍ ആയിരിക്കാതെ ജോലി നല്‍കുന്നവരാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചാന്‍സലറായി നിയമിതനായ ശേഷം പങ്കെടുക്കുന്ന ആദ്യ ബിരുദദാന ചടങ്ങായിരുന്നു ഇത്.
കുഫോസ് പ്രോ- ചാന്‍സലറും മന്ത്രിയുമായ സജി ചെറിയാന് അധ്യക്ഷത വഹിച്ചു. വൈസ് ചാന്‍സലര്‍ ഡോ. ടി. പ്രദീപ് കുമാര്‍, സെനറ്റ് അംഗം കെ.എന്‍. ഉണ്ണിക്കൃഷ്ണന് എംഎല്‍എ, ഗവേണിംഗ് കൗണ്‍സില്‍ അംഗങ്ങളായ സി.എസ്. സുജാത, ശ്രീകുമാര്‍ ഉണ്ണിത്താന്, സി. അജയന്, എ.എം. ജാഫര്‍, അനില്‍ രാജേന്ദ്രന്, എ. സുരേഷ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ചടങ്ങില്‍ ഫിഷറീസ് സയന്‍സ്, ഓഷ്യന്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി, ഫിഷറീസ് എന്‍ജിനിയറിംഗ്, ഫിഷറീസ് മാനേജ്മെന്റ് എന്നീ നാല് ഫാക്കല്‍റ്റികളില്‍ 28 കോഴ്സുകളിലായി മികവ് തെളിയിച്ച 520 വിദ്യാര്‍ഥികള്‍ക്കും കഴിഞ്ഞ അധ്യയനവര്‍ഷം ഫിഷറീസ് സയന്‍സ് ആന്‍ഡ് ടെക്നോളജി, ഫിഷറീസ് മാനേജ്മെന്റ് വിഭാഗങ്ങളിലായി ഗവേഷണം പൂര്‍ത്തിയാക്കിയ 43 പേര്‍ക്ക് പിഎച്ച്ഡി ബിരുദങ്ങളും സമ്മാനിച്ചു.
എല്ലാ ബിരുദദാരികളും സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യുകയില്ല എന്ന സമ്മതപത്രം നല്കി. അക്കാദമിക് മികവിനുള്ള അംഗീകാരമായി 41 സ്വര്‍ണമെഡലുകള്‍, മൂന്ന് എന്‍ഡോവ്മെന്റ് അവാര്‍ഡുകള്‍, ഒരു അവാര്‍ഡ് ഓഫ് എക്സലന്‍സ്, രണ്ട് ഫാക്കല്‍റ്റി എക്സലന്‍സ് അവാര്‍ഡ് എന്നിവയും ചടങ്ങില്‍ ഗവര്‍ണര്‍ സമ്മാനിച്ചു.