റാഗിംഗ് വിരുദ്ധ സംവിധാനം ഒരുക്കുമെന്ന് മന്ത്രി
Wednesday, February 19, 2025 3:00 AM IST
തിരുവനന്തപുരം: റാഗിംഗ് ഇല്ലാതാക്കാൻ സംസ്ഥാനതലത്തിൽ സംവിധാനമൊരുക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ.ബിന്ദു വാർത്താസമ്മേളനത്തിൽ അറിയിച്ചു.
റാഗിംഗിനെതിരേ എല്ലാ കാമ്പസുകളിലും ബോധവത്കരണം നടത്തും. ഇതിനായി പ്രിൻസിപ്പൽമാരുടെ യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു.
ടി.പി. ശ്രീനിവാസനെ തല്ലിയത് മഹാ അപരാധമല്ലെന്ന എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയുടെ പ്രസ്താവനയെ മന്ത്രി തള്ളിപ്പറഞ്ഞു. ആർക്കും ആരെയും തല്ലാൻ അധികാരമില്ലെന്നും തല്ലിനെ ന്യായീകരിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
കാര്യവട്ടം കാമ്പസിൽ ഉണ്ടായ റാഗിംഗിലും ആന്റി റാഗിംഗ് സെൽ ഉടനടി നടപടി സ്വീകരിച്ചിട്ടുണ്ട്. റാഗിംഗിന്റെ പഴി എസ്എഫ്ഐയുടെ തലയിൽ കെട്ടിവയ്ക്കരുതെന്നും വസ്തുതകൾ പരിശോധിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. എസ്എഫ്ഐ ഇല്ലാത്ത കാമ്പസുകളിലും റാഗിംഗ് നടക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.