മുല്ലപ്പെരിയാർ സുരക്ഷ; രാജ്ഭവനിലേക്ക് മാർച്ച് നടത്തി
Wednesday, February 19, 2025 1:21 AM IST
തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അടിയന്തരനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജനാധിപത്യ അവകാശ സംരക്ഷണസമിതി ഗാന്ധിസമരമാർഗത്തിൽ രാജ്ഭവൻ മാർച്ച് നടത്തി. മ്യൂസിയം ജംഗ്ഷനിൽനിന്ന് ആരംഭിച്ച സമരം രാജ്ഭവനു സമീപം പോലീസ് തടഞ്ഞു.
തുടർന്നു ഗാന്ധിവേഷം ധരിച്ച തോമസ് കുഴിവേലിലിനൊപ്പം നേതാക്കളും പ്രവർത്തകരും റോഡിൽ കുത്തിയിരുന്നു സമരം നടത്തി.
കർണാടക സ്റ്റേറ്റ് ഫാർമേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ചുക്കി നഞ്ചുണ്ട സ്വാമി ഉദ്ഘാടനം ചെയ്തു. എയർ കണ്ടീഷൻ ചെയ്ത മുറികളിൽ ഇരിക്കുന്ന അധികൃതർക്ക് മുല്ലപ്പെരിയാർ അണക്കെട്ട് ഉയർത്തുന്ന സുരക്ഷാഭീതി മനസിലാകില്ലെന്ന് ചുക്കി നഞ്ചുണ്ട സ്വാമി പറഞ്ഞു.
തമിഴ്നാട് ടണൽ നിർമിച്ച് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലവിതാനം താഴ്ത്താൻ അടിയന്തര സംവിധാനം ഒരുക്കണമെന്ന് യോഗത്തിൽ പ്രസംഗിച്ച സ്റ്റേറ്റ് വർക്കിംഗ് പ്രസിഡന്റ് മാത്യു സ്റ്റീഫൻ ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷിതത്വം ഉറപ്പാക്കാൻ ഗവർണർ, മുഖ്യമന്ത്രി, മന്ത്രിമാർ എന്നിവർക്കു നിവേദനം നൽകിയിട്ടുണ്ടെന്ന് അധ്യക്ഷത വഹിച്ച പ്രസിഡന്റ് കെ.എം. സുബൈർ അറിയിച്ചു.
നിവേദനത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തുടർനടപടി സ്വീകരിച്ചില്ലെങ്കിൽ പാർലമെന്റിനു മുന്നിൽ അനിശ്ചിതകാലസമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് റോബിൻസണ്, സണ്ണിമാത്യു, ഷാജഹാൻ മൗലവി, വിനയൻ, വിജയകുമാർ, ടി.കെ. സജിത തുടങ്ങിയവർ പ്രസംഗിച്ചു.