യാത്രാബോട്ടുകളില്‍ മിനിമം ചാര്‍ജ് വര്‍ധിക്കും
Wednesday, February 19, 2025 1:21 AM IST
ജെറി എം. തോമസ്
കൊച്ചി: സംസ്ഥാന ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ടുകളിലെ മിനിമം ടിക്കറ്റ് നിരക്ക് പത്തു രൂപയാക്കി ഉയര്‍ത്തും.
നിലവില്‍ ആറു രൂപയാണ് മിനിമം ചാർജ്. സര്‍ക്കാര്‍ ഏജന്‍സിയായ നാറ്റ്പാക്ക് നടത്തിയ പഠനത്തിന്റെ പശ്ചാത്തലത്തിലാണു നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങുന്നത്.
രണ്ടു വര്‍ഷത്തോളം വിവിധ പാതകളില്‍ നടത്തിയ പഠനത്തിനൊടുവിലാണ് പത്തു രൂപയാക്കാന്‍ നാറ്റ്പാക്കിന്റെ ശിപാർശ. നിരക്കുവര്‍ധന സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഡിസംബറോടെ പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നേക്കും.
ഓരോ സര്‍വീസിലും എന്ജിന് പ്രവര്‍ത്തിക്കുന്ന സമയം, ചെലവാകുന്ന ഡീസല്‍, അറ്റകുറ്റപ്പണികള്‍ക്കുള്ള ചെലവ് എന്നീ ഘടകങ്ങളാണ് നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട് പ്രധാനമായും പരിശോധിച്ചത്.
കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലായി 14 സ്റ്റേഷനുകളാണ് ജലഗതാഗത വകുപ്പിനുള്ളത്. 53 ബോട്ട് സര്‍വീസുകള്‍ ഉള്ളതില്‍ ഒന്ന് സോളാര്‍ സംവിധാനത്തില്‍ പ്രവർത്തിക്കുന്നതാണ്. ബാക്കി 52 സര്‍വീസുകളിലുമായി പ്രതിമാസം ഒരുകോടി രൂപ ഡീസലിനു ചെലവാകുന്നുണ്ടെന്നാണ് കണ്ടെത്തല്‍.
നിലവിലെ പ്രതിമാസ വരുമാനം 1.25 കോടി രൂപയാണ്. മിനിമം നിരക്ക് 10 രൂപയാക്കി വര്‍ധിപ്പിച്ചാൽപ്പോലും ദൈനംദിന ചെലവുകള്‍ക്കടക്കം പണം കണ്ടത്തേണ്ട സാഹചര്യമാണുള്ളത്.
2016ലാണ് യാത്രാബോട്ടുകളുടെ മിനിമം നിരക്ക് ആറു രൂപയാക്കി വര്‍ധിപ്പിച്ചത്. പിന്നീട് പലതവണ നിരക്ക് വര്‍ധിപ്പിക്കാന്‍ നീക്കമുണ്ടായിരുന്നെങ്കിലും സര്‍ക്കാരിന്റെ അനുമതി ലഭിച്ചിരുന്നില്ല.