ഹൈക്കോടതി വിധി എസ്എഫ്ഐ റാഗിംഗ് ലൈസന്‍സാക്കി: ചെന്നിത്തല
Tuesday, February 18, 2025 2:24 AM IST
കോട്ടയം: പൂക്കോട് വെറ്റിറിനറി സര്‍വകലാശാലയില്‍ എസ്എഫ്ഐ ഗുണ്ടകളുടെ റാഗിംഗിനിരയായി മരിച്ച സിദ്ധാര്‍ഥന്റെ കേസില്‍ ഹൈക്കോടതി പുറപ്പെടുവിച്ച രണ്ട് വിധികള്‍ റാഗിംഗിനുള്ള ലൈസന്‍സായി മാറിയെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല.
സിദ്ധാര്‍ഥനെ പീഡിപ്പിച്ച പ്രതികളുടെ ജാമ്യം, തുടര്‍പഠനം എന്നിവ സംബന്ധിച്ചാണു ഹൈക്കോടതി 2024ല്‍ രണ്ടു വിധിന്യായങ്ങള്‍ പുറപ്പെടുവിച്ചത്. സിദ്ധാര്ഥന് മരിച്ചിട്ട് ഒരു വര്‍ഷം തികയുന്നു. ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിലെത്തിയപ്പോള്‍ 2024 മേയ് 31നു പുറപ്പെടുവിച്ച വിധിയിലൂടെ മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം അനുവദിച്ചു.
സിദ്ധാര്‍ഥനെ ഗുണദോഷിച്ച് നന്നാക്കാനുള്ള ലക്ഷ്യമേ പ്രതികള്‍ക്ക് ഉണ്ടായിരുന്നുള്ളൂവെന്നും ആത്മഹത്യക്ക് പ്രേരിപ്പിക്കാന്‍ ഉദ്ദേശ്യമില്ലായിരുന്നുവെന്നുമാണു കോടതിയുടെ കണ്ടെത്തല്‍. 2024 ഡിസംബര്‍ അഞ്ചിന് ഹൈക്കോടതി മുഴുവന്‍ പ്രതികളെയും മണ്ണുത്തി കോളജില്‍ പ്രവേശിപ്പിക്കാനും ഉത്തരവിട്ടു.
എസ്എഫ്ഐക്കാരായ പ്രതികള്‍ പോറല്‍ പോലും ഏല്ക്കാതെ സമൂഹത്തില്‍ വിലസുന്നു. സിദ്ധാര്ഥന് ആള്‍ക്കൂട്ട ആക്രമണത്തിനിരയായെന്ന കോളജിലെ ആന്റി റാഗിംഗ് സ്ക്വാഡിന്റെ റിപ്പോര്‍ട്ടും സിബിഐ റിപ്പോര്‍ട്ടും പരിഗണിക്കാതെയാണ് ഹൈക്കോടതി പ്രതികള്‍ക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
മരണമടഞ്ഞ സിദ്ധാര്‍ഥന്റെ മാതാപിതാക്കളുടെ പോരാട്ടം മൂലം പ്രതികളെ മണ്ണുത്തി കോളജില്‍ പഠിപ്പിക്കാനുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് താത്കാലികമായി സ്റ്റേ ചെയ്തിട്ടുണ്ട്.
കോട്ടയം ഗവണ്മെന്റ് നഴ്സിംഗ് കോളജില്‍ നടന്നതുപോലെയുള്ള അതിക്രൂരവും ഭീകരവുമായ പീഡനം സംസ്ഥാനത്ത് തുടര്‍ക്കഥയാകുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.