ആനയിടഞ്ഞ് മൂന്നുപേര്‍ മരിച്ച സംഭവം; ഗുരുവായൂര്‍ ദേവസ്വത്തിന് രൂക്ഷ വിമര്‍ശനം
Tuesday, February 18, 2025 2:24 AM IST
കൊച്ചി: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനയിടഞ്ഞ് മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ ഗുരുവായൂര്‍ ദേവസ്വത്തിന് ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ രൂക്ഷവിമര്‍ശനം.
ഉത്സവത്തിന് ആനകളെ ബുക്ക് ചെയ്യുന്നതിന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് സ്വീകരിച്ചിരിക്കുന്ന നടപടിക്രമങ്ങള്‍ വിശദീകരിച്ച് സത്യവാങ്മൂലം നല്‍കണമെന്ന് കോടതി നിർദേശം നൽകി.
ദേവസ്വം ലൈവ് സ്റ്റോക്ക് ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്ക്കാണു ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്, എസ്. മുരളീകൃഷ്ണ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് നിര്‍ദേശം നല്‍കിയത്. പുന്നത്തൂര്‍ കോട്ടയിലെ ആനകളെ ദൂരെയുള്ള ക്ഷേത്രങ്ങളിലേക്ക് അയച്ചുകിട്ടുന്ന വരുമാനം ഗുരുവായൂര്‍ ദേവസ്വത്തിന് ആവശ്യമുണ്ടോയെന്നും കോടതി ചോദിച്ചു.
മണക്കുളങ്ങര ക്ഷേത്രത്തില്‍ ഇടഞ്ഞ ആനകള്‍ ഒന്നര മാസമായി നിരന്തര യാത്രയിലായിരുന്നു. പുറത്തേക്കയയ്ക്കുന്ന ആനകളുടെ ഭക്ഷണകാര്യങ്ങളില്‍ ഗുരുവായൂര്‍ ദേവസ്വത്തിനു കരുതലില്ലെന്നും രജിസ്റ്ററുകള്‍ പരിശോധിച്ചശേഷം ഡിവിഷന് ബെഞ്ച് പറഞ്ഞു.
പുന്നത്തൂര്‍ ആനക്കോട്ടയുടെ ശോച്യാവസ്ഥ സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. ആനകളെ ദൂരെയുള്ള ക്ഷേത്രത്തിലേക്ക് കൊണ്ടുപോയതില്‍ കോടതി വിശദീകരണം തേടിയതിനെത്തുടര്‍ന്ന് ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്ററും വെറ്ററിനറി സര്‍ജനും രേഖകളുമായി നേരിട്ടു ഹാജരായിരുന്നു.
ഗോകുല്‍ എന്ന ആന തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ കുന്നംകുളം, കോലഞ്ചേരി, ഷൊര്‍ണൂര്‍ എന്നിവിടങ്ങളില്‍ എളുന്നള്ളിപ്പില് പങ്കെടുത്തിരുന്നു. ഗുരുവായൂരില്‍നിന്നു മണക്കുളങ്ങര ക്ഷേത്രത്തിലേക്ക് 140 കിലോമീറ്റര്‍ യാത്രയുണ്ട്.
രണ്ടാനകളും ഒന്നര മാസമായി ആനക്കോട്ടയ്ക്കു പുറത്തായിരുന്നു. ഇവയുടെ ഫീഡിംഗ് രജിസ്റ്ററില്‍ ഈ ദിവസങ്ങളില്‍ ഒന്നും രേഖപ്പെടുത്തിയിട്ടില്ല.
കൊയിലാണ്ടിയിലേക്ക് ആനയെ ബുക്ക് ചെയ്തയാള്‍ക്കു ക്ഷേത്രസമിതിയില്‍ എന്താണു പദവിയെന്ന് രസീതില്‍ വ്യക്തമല്ല. ഈ സാഹചര്യത്തിലാണ് കോടതി ബുക്കിംഗ് നടപടിക്രമങ്ങളില്‍ വിശദീകരണം തേടിയത്.
പീതാംബരന്റെ കുത്തേറ്റ് ഗോകുല്‍ എന്നയാനയ്ക്ക് പരിക്കുണ്ട്. ഈ വിഷയത്തില്‍ വെറ്ററിനറി സര്‍ജനും റിപ്പോര്‍ട്ട് നല്‍കണം. വിദഗ്ധര്‍ നിര്‍ദേശം നല്‍കുന്നതുവരെ ഈ രണ്ട് ആനകളെയും പുറത്തുകൊണ്ടുപോകില്ലെന്ന് ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു.
തൊട്ടടുത്ത് കതിനാവെടി പൊട്ടിയപ്പോഴാണ് പീതാംബരന് എന്ന ആന ഇടഞ്ഞതെന്നും എക്സ്പ്ലോസീവ് ലൈസന്‍സില്ലാതെയാണു ക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്തിയതെന്നും സര്‍ക്കാര്‍ അറിയിച്ചു.
കഴിഞ്ഞ 13നാണ് ഗുരുവായൂരില്‍നിന്നു കൊണ്ടുപോയ പീതാംബരന്, ഗോകുല്‍ എന്നീ ആനകള്‍ ഇടഞ്ഞോടിയതിനെത്തുടര്ന്ന് കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രോത്സവത്തിനെത്തിയ മൂന്നുപേര്‍ മരിച്ചത്.