മാലിന്യമുക്ത നവകേരളം മാർച്ച് 30നകം ; അതിദരിദ്രരില്ലാത്ത കേരളം നവംബറോടെ: മന്ത്രി
Tuesday, February 18, 2025 2:24 AM IST
തൃശൂർ: മാർച്ച് 30നകം മാലിന്യമുക്തമായ നവകേരളം സൃഷ്ടിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി മന്ത്രി എം.ബി. രാജേഷ്. 2023 മാർച്ചുമായി താരതമ്യംചെയ്താൽ 2024 നവംബർവരെ സ്ഥാപനങ്ങളിൽനിന്നും വീടുകളിൽനിന്നുമുള്ള വാതിൽപ്പടിശേഖരണം 47 ശതമാനത്തിൽനിന്ന് 90 ശതമാനമായി വർധിച്ചു.
യൂസർ ഫീ ശേഖരണം 34.9 ശതമാനത്തിൽനിന്ന് 72 ശതമാനമായി. മിനി എംസിഎഫുകൾ 7,446ൽനിന്ന് 21,013 ആയി. എംസിഎഫുകൾ 1160ൽനിന്ന് 1325 ആയി. ആർആർഎഫുകൾ 87ൽനിന്ന് 190 ആയി.
ഹരിതകർമസേനാംഗങ്ങളുടെ എണ്ണം 33,378ൽനിന്ന് 37,363 ആയി. എംപാനൽ ചെയ്ത സ്വകാര്യ ഏജൻസികൾ 74ൽനിന്ന് 267 ആയി. 3557 സിസിടിവി കാമറനിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തി. ഇതുവരെ 32,410 വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചു.
ആകെയുള്ള 59 മാലിന്യക്കൂനകളിൽ 24 എണ്ണം പൂർണമായും നീക്കംചെയ്തു. ബ്രഹ്മപുരം ഉൾപ്പെടെ പത്തെണ്ണത്തിന്റെ പണി അവസാനഘട്ടത്തിലാണ്. ബാക്കിയുള്ള സ്ഥലങ്ങളിൽ പ്രവർത്തനം ആരംഭിച്ചു.
2025 നവംബർ ആകുമ്പോഴേക്കും അതിദരിദ്രരില്ലാത്ത കേരളമെന്ന നേട്ടത്തിലേക്കെത്തും. സർവേയിലൂടെ കണ്ടെത്തിയ 64,006 കുടുംബങ്ങളിൽ 46,197 കുടുംബങ്ങളെ (72.18 ശതമാനം) അതിദാരിദ്ര്യത്തിൽനിന്നു മോചിപ്പിച്ചു.
5,41,316 വീടുകൾ ലൈഫ് ഭവനപദ്ധതിയിലൂടെ അനുവദിച്ചു. ഇതിൽ 4,29,425 വീടുകൾ പൂർത്തിയാക്കി. 1,11,891 വീടുകൾ നിർമാണത്തിലാണ്. ബജറ്റ് വിഹിതം ഉപയോഗിക്കുന്നതോടെ ആറരലക്ഷം വീടുകളെന്ന ലക്ഷ്യത്തിലേക്ക് എത്താനാകുമെന്നാണു പ്രതീക്ഷ.
ഏപ്രിൽമുതൽ എല്ലാ ഗ്രാമപഞ്ചായത്തുകളിലേക്കും കെ സ്മാർട്ട് വ്യാപിപ്പിക്കും. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കും ഏപ്രിലിൽതന്നെ വിന്യസിക്കും. 27.92 ലക്ഷം ഫയലുകളാണ് ഒരു വർഷത്തിനകം കെ സ്മാർട്ട് നഗരസഭകളിൽ കൈകാര്യം ചെയ്തത്. എല്ലാവർക്കും ഡിജിറ്റൽ സാക്ഷരത മുൻനിർത്തിയുള്ള ഡിജി കേരളം പദ്ധതിപ്രഖ്യാപനം ഉടനുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.