നാലു തവണ ജയിപ്പിച്ചുവിട്ട പ്രവർത്തകരെ തരൂര്‍ ഓര്‍ക്കണം: കെ. മുരളീധരൻ
Tuesday, February 18, 2025 2:24 AM IST
കോഴിക്കോട്: തരൂർ ചെയ്തത് ശരിയായ നടപടിയല്ലെന്നും പാർട്ടിയുടെ ഉന്നതസ്ഥാനത്തിരിക്കുന്ന വ്യക്തി ഈ രീതിയിൽ ചിന്തിക്കാൻ പാടില്ലായിരുന്നെന്നും കോൺഗ്രസ് നേതാവ് കെ.മുരളീധരൻ . ഇടതു സര്‍ക്കാരിനെയും പ്രധാനമന്ത്രി മോദിയെയും പ്രശംസിച്ച ശശി തരൂർ എംപിയുടെ നടപടിയിൽ പ്രതികരിക്കുകയായിരുന്നു മുരളീധരൻ.
""തരൂർ ചെയ്തത് ശരിയായ നടപടിയല്ല. എല്ലാക്കാര്യങ്ങളിലും വ്യക്തിപരമായ അഭിപ്രായം പറയാൻ സ്വാതന്ത്ര്യമില്ല. പലർക്കും വ്യക്തിപരമായ പല അഭിപ്രായങ്ങളുണ്ടാകും. പക്ഷേ, പാർട്ടിയുടെ അഭിപ്രായങ്ങൾക്കാണു പ്രാധാന്യം.
പാർട്ടിയുടെ ഉന്നതസ്ഥാനത്തിരിക്കുന്ന വ്യക്തി, ജനപ്രതിനിധിയായിട്ടുള്ള വ്യക്തി ഈ രീതിയിൽ ചിന്തിക്കാൻ പാടില്ലായിരുന്നു. ശശി തരൂർ വർണിച്ചിട്ടുള്ളത് പി. രാജീവിന്റെ പി ആർ വർക്കിനെയാണ്.
ശശി തരൂർ ഇവിടെ നാലു തവണ മത്സരിച്ചപ്പോൾ അദ്ദേഹത്തിനു വേണ്ടി രാപകൽ പണിയെടുത്ത പാർട്ടിപ്രവർത്തകരുണ്ട്. ആ പ്രവർത്തകർക്ക് പഞ്ചായത്തിൽ ജയിക്കാനുള്ള അവസരമാണു വരാനിരിക്കുന്ന തെരഞ്ഞെടുപ്പ്. അത് അദ്ദേഹം ഓർക്കണ്ടേ? അത് ഒരു ലേഖനംകൊണ്ട് ഇല്ലാതാക്കണോ? - മുരളീധരൻ ചോദിച്ചു.