വന്യജീവി പ്രശ്നം: കേരളാ കൗണ്‍സിൽ ഓഫ് ചർച്ചസ് സെക്രട്ടേറിയറ്റ് മാർച്ച് നടത്തി
Wednesday, February 19, 2025 3:00 AM IST
തിരുവനന്തപുരം: വന്യജീവി ആക്രമണത്തിൽ ജനങ്ങൾ തുടർച്ചയായി കൊല്ലപ്പെടുന്ന സാഹചര്യത്തിലും വനംവകുപ്പും സംസ്ഥാന സർക്കാരും തുടരുന്ന അനാസ്ഥയ്ക്കെതിരേ കേരളത്തിലെ സഭകളുടെ ഔദ്യോഗിക ഐക്യവേദിയായ കേരള കൗണ്‍സിൽ ഓഫ് ചർച്ചസ് (കെസിസി) സെക്രട്ടേറിയറ്റ് മാർച്ച് നടത്തി.
പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്ന് സെക്രട്ടേറിയറ്റിന്റെ മുന്നിലേക്കു നടത്തിയ മാർച്ചിനെത്തുടർന്നു നടന്ന സമ്മേളനം കെസിസി പ്രസിഡന്റ് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
ബിഷപ്പുമാർ രാഷ്ട്രീയം പറയണമെന്നും രാഷ്ട്രവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും അഭിപ്രായം പറയുവാൻ ഉത്തരവാദിത്വമുള്ള പൗരൻ എന്ന നിലയിൽ അവകാശമുണ്ടെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
വന്യജീവികളിൽനിന്നു ജനങ്ങൾക്ക് സംരക്ഷണം നൽകേണ്ട സർക്കാർ ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കുവാൻ പ്രേരിപ്പിക്കുന്ന തരത്തിൽ ഉദ്യോഗസ്ഥർക്ക് കൂടുതൽ അധികാരം നൽകുവാനുള്ള നീക്കത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
കെസിസി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് അധ്യക്ഷത വഹിച്ചു. മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്കോപ്പ, ബിഷപ് ഡോ. ജോർജ് ഈപ്പൻ, ബിഷപ് ഡോ. സെൽവദാസ് പ്രമോദ്, കെസിസി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് റവ. എ.ആർ. നോബിൾ, ജനറൽ സെക്രട്ടറി റവ.ഡോ.എൽ.ടി. പവിത്ര സിംഗ്, സാം കാഞ്ഞിക്കൽ കോർ എപ്പിസ്കോപ്പ, ഡോ. ജോസഫ് കറുകയിൽ കോർ എപ്പിസ്കോപ്പ, മേജർ ടി.ഇ. സ്റ്റീഫൻസണ്‍, റവ.ഡോ. എൽ. ജെ. സാംജീസ് എന്നിവർ പ്രസംഗിച്ചു.