മലക്കം മറിഞ്ഞ് തരൂർ ; ""സിപിഎം നരഭോജികൾ'' എന്ന് ആദ്യം, പിന്നാലെ പോസ്റ്റ് നീക്കി
Tuesday, February 18, 2025 2:24 AM IST
തിരുവനന്തപുരം: സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് മയപ്പെടുത്തി ശശി തരൂർ എംപി.
സിപിഎം നരഭോജികൾ കൊലപ്പെടുത്തിയ നമ്മുടെ കൂടെപ്പിറപ്പുകൾ ശരത്ലാലും കൃപേഷും എന്ന പ്രയോഗമാണ് മാറ്റിയത്. ഇതു പിൻവലിച്ച ശേഷമിട്ട പുതിയ പോസ്റ്റിൽ സിപിഎം എന്ന പേരു പോലുമില്ല.
ശരത്ലാൽ, കൃപേഷ് രക്തസാക്ഷിത്വദിനമായ ഇന്നലെ കെപിസിസിയുടെ ഔദ്യോഗിക പേജിൽ പങ്കുവച്ച പോസ്റ്റ് തരൂർ ഷെയർ ചെയ്യുകയായിരുന്നു. ഇതിലായിരുന്നു സിപിഎം നരഭോജികൾ എന്ന പ്രയോഗം ഉണ്ടായിരുന്നത്. തരൂർ പോസ്റ്റ് നീക്കം ചെയ്തെങ്കിലും സമൂഹമാധ്യമങ്ങളിൽ അപ്പോഴേക്കും ഇതു ചർച്ചയായി മാറി.
ഇതിനിടെ ശശി തരൂരിന്റെ വിവാദ പരാമർശങ്ങളെ ചൊല്ലിയുള്ള വാദപ്രതിവാദങ്ങൾ ഇന്നലെയും തുടർന്നു. തരൂരിനോടു മയമുള്ള സമീപനം സ്വീകരിച്ച കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ഇന്നലെ തരൂരുമായി ടെലിഫോണിൽ സംസാരിച്ചു.
പാർട്ടി ലൈനുമായി ഒത്തുപോകണമെന്ന് സുധാകരൻ തരൂരിനോടു പറഞ്ഞു. ഹൈക്കമാൻഡ് ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു സുധാകരന്റെ ഇടപെടൽ എന്നാണു വിവരം.