ആരുമറിയാതെ അഴിമതി നടത്താൻ പിണറായി ഗവേഷണം നടത്തുന്നു: പി.വി. അൻവർ
Wednesday, February 19, 2025 3:00 AM IST
തൃശൂർ: ഓരോ പുതിയ അഴിമതികൾ പുറത്തുവരുന്പോഴും അതിനുപിന്നിലുള്ള പിണറായി വിജയന്റെ സഹായം തെളിയുകയാണെന്നു തൃണമുൽ കോൺഗ്രസ് നേതാവ് പി.വി. അൻവർ.
ഏറ്റവും ഒടുവിൽ പുറത്തുവന്നതു സിപിഎം നേതാവ് ആനാവൂർ നാഗപ്പന്റെ മരുമകനു കെടിഡിസിയിൽ വഴിവിട്ട പ്രമോഷൻ നൽകി ഒരു ലക്ഷത്തിലധികം ശമ്പളം നൽകിയതാണ്. 40,000 രൂപ ശമ്പളമുണ്ടായിരുന്നയാൾക്കാണ് ഇത്രയുമധികം ശന്പളം നല്കി അഴിമതി നടത്തിയത്.
സിപിഎം നേതാക്കളുടെ ബന്ധുക്കൾക്കും അടുപ്പക്കാർക്കുമൊക്കെ ഇത്തരത്തിൽ ആനുകൂല്യം നൽകി പുര കത്തുമ്പോൾ കഴുക്കോൽ ഊരിയെടുക്കുകയെന്ന രീതിയിലാണു കാര്യങ്ങൾ. എങ്ങനെ ആരുമറിയാതെ അഴിമതി നടത്താമെന്ന് ഐടി പ്രഫഷണലുകളെയടക്കംവച്ച് പിണറായി വിജയൻ റിസർച്ച് നടത്തുകയാണ്.
എസ്എഫ്ഐക്കാർ നടത്തുന്നതു റാഗിംഗ് അല്ല, അതിക്രൂരമായ അക്രമമാണ്. പാർട്ടിപിന്തുണയോടെ സാമൂഹ്യവിരുദ്ധരെ സൃഷ്ടിക്കുകയാണ് സിപിഎം. ഇത്തരക്കാരെ വിദ്യാർഥിസമൂഹത്തിൽനിന്നു പുറത്താക്കുകയാണു വേണ്ടത്.
തൊഴിലില്ലാതെ 45 ലക്ഷംപേർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ നിൽക്കുമ്പോൾ പിൻവാതിൽ നിയമനം നടത്തി ആളുകളെ വഞ്ചിക്കുകയാണു സർക്കാർ.
പഠനത്തിനായി വിദേശത്തു പോകുന്നതു പണക്കാരായിട്ടല്ല, ഇവിടെ ജോലികിട്ടാൻ സാഹചര്യമില്ലാത്തതിനാലാണ്. ലോണെടുത്തും കടംവാങ്ങിയുമാണു കുട്ടികൾ വിദേശത്തു പോകുന്നതെന്ന് അൻവർ പറഞ്ഞു.