ബഡ്സ് സ്കൂളിലെ വിദ്യാർഥിനിയെ കെട്ടിയിട്ട സംഭവം; നാല് ജീവനക്കാർക്ക് സസ്പെൻഷൻ
Tuesday, February 18, 2025 2:24 AM IST
കൂത്തുപറമ്പ്: മാങ്ങാട്ടിടം പഞ്ചായത്തിലെ കൈതേരി ആറങ്ങാട്ടേരിയിലെ ശിശുമിത്ര ബഡ്സ് സ്കൂളിൽ വിദ്യാർഥിനിയെ കസേരയിൽ കെട്ടിയിട്ടെന്ന പരാതിയിൽ നാലു ജീവനക്കാർക്കു സസ്പെൻഷൻ. ഇന്നലെ ചേർന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
ബഡ്സ് സ്കൂൾ പ്രിൻസിപ്പൽ പി.വി. രേഖ, അധ്യാപികമാരായ കെ. പ്രമീള, ഒ. മൃദുല, ആയ കെ.പി. ആനന്ദവല്ലി എന്നിവർക്കാണു സസ്പെൻഷൻ. പരാതി സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുന്നതിനു മൂന്നംഗ സമിതിയെയും ചുമതലപ്പെടുത്തി.
ക്ഷേമകാര്യ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. ഷിവ്യ, സിഡിഎസ് ചെയർപേഴ്സൺ എൻ.വി. ശ്രീജ, അക്കൗണ്ടന്റ് പ്രമോദ് കക്കോത്ത് എന്നിവരാണ് അന്വേഷിക്കുക.
ജീവനക്കാർ സസ്പെൻഷനിലായ സാഹചര്യത്തിൽ പകരം താത്കാലിക ജീവനക്കാരെ കണ്ടെത്തി ബഡ്സ് സ്കൂളിന്റെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാനും ഭരണസമിതിയോഗം തീരുമാനിച്ചു.
ഈ മാസം നാലിനായിരുന്നു പരാതിക്കാസ്പദമായ സംഭവം. പിടിഎ മീറ്റിംഗിൽ പങ്കെടുക്കാൻ നിശ്ചിതസമയത്തിന് 20 മിനിട്ടു മുമ്പേ എത്തിയ രക്ഷിതാവാണ് മകളെ കസേരയിൽ കെട്ടിയിട്ടതായി കണ്ടെത്തിയത്. കുട്ടിയുടെ വസ്ത്രങ്ങൾ മൂത്രത്തിൽ നനഞ്ഞതായും കണ്ടെത്തിയിരുന്നു.
തുടർന്ന് ഇവരും മറ്റ് മൂന്നു രക്ഷിതാക്കളും ചേർന്ന് ഭിന്നശേഷി വകുപ്പ് സ്റ്റേറ്റ് കമ്മീഷണർക്കും പഞ്ചായത്ത് അധികൃതർക്കും പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് ഭരണസമിതി കഴിഞ്ഞ ദിവസം യോഗം ചേർന്ന് പരാതിക്കാരെ വിളിപ്പിക്കുകയും വിശദമായി കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്തിരുന്നു.
തുടർനടപടി എന്ന നിലയിലാണ് ഇന്നലെ പഞ്ചായത്ത് ഭരണസമിതി യോഗം ചേർന്ന് ആരോപണ വിധേയരായവർക്കെതിരേ സസ്പെൻഷൻ നടപടി സ്വീകരിച്ചത്.