വിവാദ ലേഖനം: തനിച്ചായി തരൂർ?
Tuesday, February 18, 2025 2:24 AM IST
കോഴിക്കോട്: ഇടതുസര്‍ക്കാരിനെ വികസന കാര്യത്തില്‍ പുകഴ്ത്തിയ ശശി തരൂര്‍ എംപി യുഡിഎഫിലും ഒറ്റപ്പെടുന്നു. യുഡിഎഫിലെ പ്രമുഖ കക്ഷിയും വലതുസര്ക്കാരിന്റെ കാലത്ത് വര്‍ഷങ്ങളായി വ്യവസായ വകുപ്പ് കൈകാര്യം ചെയ്തിരുന്നതുമായ മുസ്ലിം ലീഗാണ് ലേഖനത്തോടു കടുത്ത എതിര്‍പ്പുമായി രംഗത്തെത്തിയത്.
താൻ വ്യവസായ മന്ത്രിയായിരുന്ന കാലത്തെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ട് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയതോടെ വിഷയത്തില്‍ ഹൈക്കമാന്‍ഡ് ഇടപെട്ടു.
മുന്‍കാലങ്ങളില്‍ വ്യവസായ വകുപ്പ് കൈയാളിയിരുന്ന ലീഗിനെ ഇകഴ്ത്തിക്കാട്ടിയാണ് കോണ്‍ഗ്രസ് ദേശീയ നേതാവിന്റെ പരാമര്‍ശങ്ങള്‍ എന്ന വികാരമാണു നേതാക്കള്‍ക്കുള്ളത്. ഈ സാഹചര്യത്തിലാണ് ലീഗിനെ തണുപ്പിക്കാന്‍ ഹൈക്കമാന്‍ഡ്തന്നെ രംഗത്തെത്തിയത്.
തരൂരിന്റെ ലേഖനം ഹൈക്കമാന്‍ഡ് തള്ളിയതിനുപിന്നില്‍ പ്രധാനമായും സമ്മര്‍ദം ചെലുത്തിയത് മുസ്ലിം ലീഗാണ്. ഇടതുമുന്നണിയുടെ വികസന നയങ്ങളെ തരൂര്‍ പ്രകീര്‍ത്തിച്ചതു വരാനിരിക്കുന്ന തദ്ദേശതെരഞ്ഞെടുപ്പില്‍ യുഡിഎഫിനു വലിയ തിരിച്ചടിയാകുമെന്നു ലീഗ് നേതൃത്വം കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു.
തുടര്‍ന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പൂര്‍ണമായും തരൂരിനെതിരേ തിരിഞ്ഞത്. എ.കെ. ആന്റണി മന്ത്രിസഭയിൽ താൻ വ്യവസായ മന്ത്രിയായിരിക്കേ കേരളത്തിൽ നടപ്പാക്കിയ പദ്ധതികളെക്കുറിച്ച് കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം എടുത്തുപറഞ്ഞതും കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനുള്ള മുന്നറിയിപ്പായിരുന്നു.
കിൻഫ്രയും ഇന്‍ഫോപാര്‍ക്കുമെല്ലാം തുടങ്ങിയത് യുഡിഎഫ് സര്‍ക്കാരാണെന്നും അക്കാലത്ത് പ്രതിപക്ഷം വലിയ സമരം ഉണ്ടാക്കിയിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.
അഞ്ചുവര്‍ഷംകൊണ്ട് യുഡിഎഫുണ്ടാക്കിയ വികസനം ഒമ്പതുവര്‍ഷമായിട്ടും എൽഡിഎഫിന് സാധ്യമായിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി തരൂരിനു മറുപടിയായി പറഞ്ഞിരുന്നു.