സിദ്ധാർഥന്റെ മാതാപിതാക്കളോട് മുഖ്യമന്ത്രി പരസ്യമായി മാപ്പു പറയണം: രമേശ് ചെന്നിത്തല
Wednesday, February 19, 2025 3:00 AM IST
തിരുവനന്തപുരം: അല്പമെങ്കിലും മനുഷ്യത്വം ബാക്കിയുണ്ടെങ്കിൽ, സിദ്ധാർഥൻ എന്ന പാവപ്പെട്ട വിദ്യാർഥിയുടെ മരണത്തിനു കാരണക്കാരായ അതിക്രൂരന്മാരായ എസ്എഫ്ഐ ഗുണ്ടകളെ സംരക്ഷിച്ചതിന് സിദ്ധാർഥന്റെ മാതാപിതാക്കളോട് മുഖ്യമന്ത്രി എന്ന നിലയിൽ നിരുപാധികം പരസ്യമായി മാപ്പു പറയണമെന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ കോണ്ഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
സിദ്ധാർഥനെ രണ്ടുദിവസത്തോളം അതിഭീകരവും അതിക്രൂരവുമായ ശാരീരിക ആക്രമണത്തിനും പീഡനത്തിനും അപമാനത്തിനും വിധേയമാക്കിയ എസ്എഫ്ഐയുടെ കാട്ടാള സംഘത്തെ സംരക്ഷിക്കാനും ചേർത്തുപിടിക്കാനും അങ്ങയുടെ സർക്കാർ നടത്തിയ നാണംകെട്ട ശ്രമം, സംസ്കാര സമ്പന്നമായ കേരളത്തിലെ മുഴുവൻ മലയാളികളെയും ലജ്ജിപ്പിക്കുകതന്നെ ചെയ്യും.
ഈ പ്രതികളെ, അവർ എസ്എഫ്ഐ നേതാക്കളാണ് എന്ന ഒറ്റക്കാരണത്താൽ സംരക്ഷിച്ചതുകൊണ്ടാണ് കോട്ടയത്ത് നടന്നതുപോലെയുള്ള കൊടുംക്രൂര റാഗിംഗ് സംഭവങ്ങൾ ആവർത്തിക്കുന്നതെന്ന് രമേശ് ചെന്നിത്തല കത്തിൽ ചൂണ്ടിക്കാട്ടി. സിദ്ധാർഥന്റെ മരണത്തിന്റെ ഒന്നാം വാർഷികത്തിലാണ് മുഖ്യമന്ത്രിക്കു കത്ത് അയച്ചത്.