വയനാട് പുനർനിർമാണം; ജില്ലാ കളക്ടറെ ഒഴിവാക്കി, ഏകോപന ചുമതല സ്പെഷൽ ഓഫീസർക്ക്
Wednesday, February 19, 2025 3:00 AM IST
കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: കേന്ദ്രം അനുവദിച്ച കാപ്പക്സ് വായ്പയുടെ അടിസ്ഥാനത്തിലുള്ള വയനാട് ടൗണ്ഷിപ്പ് പുനർനിർമാണത്തിന്റെ ഏകോപന ചുമതലയിൽനിന്ന് ജില്ലാ കളക്ടറെ ഒഴിവാക്കി.
പകരം വയനാട് ടൗണ്ഷിപ് പുനർനിർമാണത്തിന്റെ ഏകോപന ചുമതല സ്പെഷൽ ഓഫീസർ എസ്. സുഹാസിനു നൽകി. സുഹാസാകും ഇനി വയനാട് പുനർനിർമാണ പദ്ധതി നിർവഹണ യൂണിറ്റിനെ നയിക്കുക.
ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവരുടെ ഉപജീവനം അടക്കമുള്ള സാമൂഹികവും സാമ്പത്തികവുമായ സാഹചര്യം ഒരുക്കുന്നതിനുള്ള മൈക്രോപ്ലാനിന്റെ ചുമതലയാണ് ജില്ലാ കളക്ടർക്കു നൽകിയത്.
വയനാട് സ്പെഷൽ ഓഫീസറായി സുഹാസിനെ നേരത്തെ സർക്കാർ നിയമിച്ചിരുന്നു. തന്റെ കർത്തവ്യങ്ങളും ഉത്തരവാദിത്വങ്ങളും വ്യക്തമാക്കണമെന്ന് അഭ്യർഥിച്ച് സുഹാസ് സർക്കാരിനു കത്തു നൽകിയിരുന്നു.
ഇതിനുള്ള മറുപടിയായാണ് പുനർനിർമാണ ഏകോപന ചുമതല പൂർണമായി സുഹാസിനു നൽകിയതായും ഇതിൽ നിന്നു ജില്ലാ കളക്ടറെ ഒഴിവാക്കിയതായും വ്യക്തമാക്കി മുഖ്യമന്ത്രിയുടെ കീഴിലുള്ള ദുരന്ത പ്രതികരണ വകുപ്പു പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കിയത്.
കേന്ദ്രം അനുവദിക്കുന്ന വായ്പയുടെ വിനിയോഗ സർട്ടിഫിക്കറ്റ് ജില്ലാ കളക്ടർമാരോടു കേന്ദ്രം നേരിട്ട് ആവശ്യപ്പെടാറുണ്ട്. അധികാരം സ്പെഷൽ ഓഫീസറിലേക്ക് കേന്ദ്രീകരിക്കുന്നതുവഴി കേന്ദ്രത്തിനു നൽകേണ്ട മറുപടിയിൽനിന്ന് കളക്ടറെ ഒഴിവാക്കാനാകും.
വയനാട് പുനർനിർമാണ പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനായി ചീഫ് സെക്രട്ടറി അധ്യക്ഷയായ സമിതിയേയും നിയോഗിക്കാൻ കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചിരുന്നു.
വയനാട് പുനർനിർമാണ പ്രവർത്തനങ്ങളിൽ ചെയ്യാൻ കഴിയാവുന്നവ ഈ ആഴ്ചതന്നെ തുടങ്ങാൻ നിർദേശിച്ചിട്ടുണ്ട്. കേന്ദ്രം അനുവദിച്ച കാപക്സ് വായ്പയുടെ വിനിയോഗ സർട്ടിഫിക്കറ്റ് മാർച്ച് 31നകം നൽകണമെന്നു നിർദേശിച്ച സാഹചര്യത്തിലാണിത്.