വനംനിറഞ്ഞ് യൂക്കാലിയും പൈനും കൊന്നയും; തീറ്റയും വെള്ളവുമില്ലാതെ മൃഗങ്ങള്‍ നാട്ടിലേക്ക്
Wednesday, February 19, 2025 3:00 AM IST
റെജി ജോസഫ്
കോട്ടയം: വനത്തില്‍ തദ്ദേശീയസസ്യങ്ങളേക്കാള് വേഗത്തിലും എണ്ണത്തിലും വിസ്തൃതിയിലും അധിനിവേശസസ്യങ്ങള്‍ പെരുകുന്നതായി വനംവകുപ്പ് പഠനം.
കാട്ടില്‍ നട്ടുവളര്‍ത്തിയ അക്കേഷ്യ, ഗ്രാമ്പി, കാറ്റാടി, പൈന്‍, മാഞ്ചിയം, യൂക്കാലിപ്റ്റസ്, മഞ്ഞക്കൊന്ന തുടങ്ങിയ അധിനിവേശ ഇനങ്ങള്‍ പക്ഷിമൃഗാദികള്‍ക്ക് തീറ്റയാകുന്നില്ല. ഈ സാഹചര്യത്തില്‍ വന്യമൃഗങ്ങളുടെ കാടിറക്കവും ആക്രമണവും ആസന്ന ഭാവിയിലും വര്‍ധിക്കും.
അധിനിവേശ മരങ്ങളെ 2032ല്‍ പൂര്‍ണമായി ഉന്മൂലനം ചെയ്യാനുള്ള വനനയം വന്‍പരാജയമായതോടെ വന്യമൃഗാക്രമണം വര്‍ധിച്ചുവരും. ഇത്തരം മരങ്ങള്‍ വലിയ തോതില്‍ വെള്ളം ആഗിരണം ചെയ്യുമെന്നു മാത്രമല്ല ഇവയുടെ ഇടയില്‍ അടിക്കാടുകള്‍ വളരുകയുമില്ല. വനത്തിലെ ചോലകള്‍ വേനലിന്റെ തുടക്കത്തില്‍തന്നെ വറ്റിക്കഴിഞ്ഞു.
മൃഗങ്ങള്‍ പെരുകുന്ന തോതനുസരിച്ച് മുളയും പുല്ലും പോലുള്ള തീറ്റ ഇല്ലാത്തതിനാലാണ് കാട്ടാനകളും കാട്ടുപോത്തുകളും വന്‍തോതില്‍ നാട്ടിലേക്കിറങ്ങുന്നത്. വനത്തിന്റെ അതിരുകള്‍ വിട്ട് കൃഷിയിടങ്ങളിലേക്കും അധിനിവേശസസ്യങ്ങള്‍ വളരുകയാണ്.
അഞ്ചുവര്‍ഷത്തിനിടെ പുതിയ തൈ നടാതെതന്നെ ഇത്തരം മരങ്ങള്‍ മൂന്നുശതമാനംവരെ വര്‍ധിച്ചതായാണ് വനംവകുപ്പിന്റെ കണക്ക്. വിത്തുവ്യാപനം, അതിജീവനം എന്നിവ വളരെ കൂടുതലായതിനാലാണ് വനത്തിലെ തദ്ദേശീയ മരങ്ങള്‍ക്കിടയില്‍ ഇവ പടരുന്നത്. അധിനിവേശ മരങ്ങള്‍ നീക്കം ചെയ്ത് 4141 ഹെക്ടറില്‍ സ്വാഭാവികവനം വളര്‍ത്താന്‍ 2021ല്‍ തുടങ്ങിയ പദ്ധതി പരാജയപ്പെട്ടു.
ഇതുവരെ നൂറു ഹെക്ടറില്പോലും പദ്ധതി നടപ്പാക്കാനായിട്ടില്ല. പകരം മലവേപ്പ്, വട്ട, ഞാവല്‍, കാട്ടുനെല്ലി, വാക, മുള തുടങ്ങിയവ വച്ചുപിടിപ്പിക്കാനായിരുന്നു തീരുമാനം. വലിയ തോതില്‍ തൈകള്‍ നട്ടെങ്കിലും അധിനിവേശ സസ്യങ്ങള്‍ക്കു സമീപം ഇവ ചുവടുപിടിക്കുകയോ വളരുകയോ ചെയ്യുന്നില്ല.
രണ്ടു പതിറ്റാണ്ടിനുള്ളില്‍ വിവിധ സര്‍ക്കിളുകളിലായി 27,000 ഹെക്ടറില്‍ നടീല്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. കൊല്ലം, തൃശൂര്‍ സര്‍ക്കിളിനു കീഴില്‍ 748 ഹെക്ടര്‍ അക്കേഷ്യ, മാഞ്ചിയം മരങ്ങള്‍ വെള്ളൂര്‍ കേരള പേപ്പര്‍ പ്രൊഡക്ട്സ് ലിമിറ്റഡിന് നല്കാന് തീരുമാനമുണ്ടായെങ്കിലും ആ ലക്ഷ്യവും കൈവരിക്കാനായിട്ടില്ല.
സാമൂഹ്യവനവത്കരണ പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍തന്നെയാണ് 1950നും 1980നും ഇടയില്‍ സ്വാഭാവിക വനം വെട്ടിത്തെളിച്ച് വിദേശ സസ്യങ്ങള്‍ നട്ടുപിടിപ്പിച്ചത്.
അക്കേഷ്യ ജലക്ഷാമത്തിനും മനുഷ്യർക്കും മൃഗങ്ങൾക്കും ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുന്നതായി വനംവകുപ്പ് തിരിച്ചറിഞ്ഞു. 1980കളിലാണ് മഞ്ഞക്കൊന്ന സാമൂഹ്യ വനവത്കരണ വിഭാഗം നട്ടുപിടിപ്പിച്ചത്. മൃഗങ്ങള്‍ മഞ്ഞക്കൊന്നയുടെ ഇലയും പൂക്കളും ഭക്ഷിക്കില്ല. സസ്യങ്ങള്‍ക്കും മൃഗങ്ങള്‍ക്കും ഒരുപോലെ ഹാനികരവുമാണ്.
മൂന്നാറില്‍ കണ്ണന് ദേവന് കമ്പനി തേയിലത്തോട്ടങ്ങളിലെ ചതുപ്പ് വറ്റിക്കാനാണ് യൂക്കാലിപ്റ്റസ് ആദ്യകാലത്ത് വച്ചുപിടിപ്പിച്ചത്. 135 മീറ്ററില്വരെ വളരുന്ന ഗ്രാന്റീസും നട്ടുപിടിപ്പിക്കാന്‍ തുടങ്ങി. ഇവയെല്ലാം തദ്ദേശ കൃഷിയെയും പരിസ്ഥിതെയും ദോഷകരമായി ബാധിച്ചു.
പശ്ചിമഘട്ട മലനിരകളില്‍ പ്രധാനമായി വയനാട്ടില്‍ പടര്‍ന്ന ഇനമാണ് സ്വര്‍ണക്കൊന്ന. മഞ്ഞക്കൊന്ന, രാക്ഷസക്കൊന്ന എന്നിങ്ങനെയും ഇവ അറിയപ്പെടുന്നു. സംസ്ഥാനത്തെ വനങ്ങളില്‍ ഏറ്റവും വിനാശകാരിയായ സസ്യമായി സ്വര്‍ണക്കൊന്ന മാറിക്കഴിഞ്ഞു. ഇവ വെട്ടിമാറ്റുമ്പോള്‍ മരക്കുറ്റികളില്നിന്ന് അനേക പുതുനാമ്പുകളാണ് കിളിര്‍ക്കുന്നത്. പത്തുമീറ്ററിലധികം ഉയരത്തില്‍ വളരുന്ന ഈ ഇനം തനത് സസ്യങ്ങളെയും വന്യജീവികളെയും പ്രിതികൂലമായി ബാധിച്ചു.
ഇടുക്കിയിലാണ് യൂക്കാലിയും പൈനും ആദ്യം പിടിപ്പിച്ചത്. നിലവില്‍ ഇടുക്കിയില്‍ 410 ഹെക്ടര്‍ പൈനും 130 ഹെക്ടര്‍ യൂക്കാലിയുമുണ്ട്. ഇടുക്കിയില്‍ കാട്ടാനശല്യം ഏറ്റവും രൂക്ഷമായത് ഇത്തരം മരങ്ങളുടെ വ്യാപനത്തോടെയാണ്. മുളങ്കാടുകളുടെ ശോഷണമാണ് ഇത്തരം സസ്യങ്ങളുടെ വരവോടെ വ്യാപകമായത്.