പാതിവില തട്ടിപ്പ്: അനന്തു കൃഷ്ണന് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍
Tuesday, February 18, 2025 2:24 AM IST
മൂവാറ്റുപുഴ: പകുതി വിലയ്ക്ക് ഇരുചക്രവാഹനങ്ങള്‍ നല്‍കാമെന്നു വാഗ്ദാനം ചെയ്തു കോടികള്‍ തട്ടിയ കേസില്‍ അറസ്റ്റിലായ പ്രതി അനന്തു കൃഷ്ണനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു.
മൂവാറ്റുപുഴ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ രണ്ടു ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടത്. നാളെ കസ്റ്റഡി കാലവധി കഴിയും. അഞ്ചു ദിവസത്തെ കസ്റ്റഡിയാണു ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടതെങ്കിലും രണ്ടു ദിവസമാണ് അനുവദിച്ചത്.
21 അക്കൗണ്ടുകളിലായി 143.5 കോടി രൂപ അനന്തു കൃഷ്ണന്റെ അക്കൗണ്ടിലെത്തിയെന്നാണു ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണത്തില്‍ കോടതിയില്‍ അറിയിച്ചിരിക്കുന്നത്.
പണത്തിന്റെ ഉറവിടം സംബന്ധിച്ചും കേസില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോയെന്നതു സംബന്ധിച്ചും വ്യക്തത ലഭിക്കേണ്ടതുണ്ട്. ഈ തുകയെല്ലാം എന്തിനാണു വിനിയോഗിച്ചതെന്നതിലും വ്യക്തതയില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടി അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ ആവശ്യം.
എന്നാല്‍, നേരത്തേ പോലീസ് കസ്റ്റഡിയില്‍ കൂടുതല്‍ ദിവസം ചോദ്യം ചെയ്തതാണെന്ന് കോടതി പറഞ്ഞു.
20,163 പേരില്‍നിന്ന് 60,000 രൂപ വീതവും 4,025 പേരില്‍നിന്ന് 56,000 വീതവും വാങ്ങി
സംസ്ഥാനത്ത് 20,163 പേരില്‍നിന്ന് 60,000 രൂപ വീതവും 4025 പേരില്‍നിന്ന് 56,000 രൂപ വീതവുമാണ് പ്രതി വാങ്ങിയതെന്ന് ക്രൈംബ്രാഞ്ച് കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കി.
കൂടുതല്‍ പണം വാങ്ങിയതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും കസ്റ്റഡി അപേക്ഷയില്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. പണം ഉപയോഗിച്ച് കുറച്ച് ഇരുചക്രവാഹനങ്ങളും ലാപ്ടോപ്പുകളും വിതരണം ചെയ്യുകയും ഭൂമി വാങ്ങുകയും ചെയ്തു.
ബാക്കി തുക എങ്ങനെ വിനിയോഗിച്ചു എന്നതില്‍ കൃത്യമായ വിവരം ലഭിക്കണമെങ്കില്‍ വിശദമായ തെളിവെടുപ്പ് ആവശ്യമാണെന്നാണ് ക്രൈംബ്രാഞ്ച് വാദം. തെരഞ്ഞെടുപ്പിനും മറ്റുമായി രാഷ്ട്രീയനേതാക്കള്‍ക്കു പണം കൈമാറിയെന്ന തരത്തിലുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു.
ഇവര്‍ക്കു തട്ടിപ്പുമായി ബന്ധമുണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു. ഇതിലെല്ലാം വ്യക്തത വരുത്തുന്നതിന് കൂടുതല്‍ ചോദ്യം ചെയ്യലും തെളിവെടുപ്പും അത്യാവശ്യമാണെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു.