ഐഒബിയിലെ ജാതീയ അധിക്ഷേപം; പോലീസിന്റേത് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നടപടിയെന്ന്
Wednesday, February 19, 2025 3:00 AM IST
കൊച്ചി: ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് (ഐഒബി) എറണാകുളം റീജണല്‍ ഓഫീസില്‍ അസിസ്റ്റന്റ് മാനേജരെ ജാതീയമായി അധിക്ഷേപിക്കുകയും മര്‍ദിക്കുകയും ചെയ്തെന്ന കേസില്‍ പോലീസിന്റേത് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നടപടിയെന്ന് പരാതിക്കാരന്.
എറണാകുളം റീജണല്‍ ഓഫീസ് ഡിജിഎം നിതീഷ്കുമാര്‍ സിന്‍ഹ, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ കശ്മീര്‍ സിംഗ് എന്നിവര്‍ക്കെതിരേ മുളവുകാട് സ്വദേശിയായ അസിസ്റ്റന്റ് മാനേജര്‍ കഴിഞ്ഞ ഡിസംബര്‍ പത്തിനാണ് എറണാകുളം സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കിയത്.
എന്നാല്‍ ഡിസംബര്‍ 23ന് മാത്രമാണ് എഫ്ഐആര്‍ ഇട്ടതെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു. ബാങ്കിലെ സിസിടിവിയില്‍ മര്‍ദിക്കുന്നതിന്റെയും മറ്റും ദൃശ്യങ്ങള്‍ ഉണ്ടെന്നു പറഞ്ഞെങ്കിലും ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചില്ലെന്നും പരാതിക്കാരന് ആരോപിച്ചു.
പരാതി അന്വേഷിക്കാനായി എത്തിയ രണ്ട് സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ കേസ് തള്ളിപ്പോകുമെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി സംസാരിച്ചു കേസ് തീര്‍ക്കുന്നതാണ് നല്ലതെന്നും പറഞ്ഞ് തന്നെ പിന്തിരിപ്പിക്കാന് ശ്രമിച്ചു.
എസ്സി/ എസ്ടി നിയമപ്രകാരം നല്കിയ പരാതിയില്‍ ഉടന്‍ കേസെടുത്ത് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ റാങ്കിലുള്ളയാളാണ് അന്വേഷണം നടത്തേണ്ടത്. എന്നാല്‍ എഫ്ഐആറിന്റെ കോപ്പി പോലും തനിക്ക് ഇതുവരെ പോലീസ് തന്നിട്ടില്ലെന്നും പരാതിക്കാരന് പറഞ്ഞു.