7.65 കോടി രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്: രണ്ടു തായ്വാന് സ്വദേശികൾ അറസ്റ്റില്‍
Wednesday, February 19, 2025 3:00 AM IST
ചേര്‍ത്തല: ഓഹരിവിപണിയില്‍ വന്‍ ലാഭം വാഗ്ദാനം ചെയ്ത് ചേര്‍ത്തലയിലെ ഡോക്ടര്‍ ദമ്പതിമാരില്‍നിന്ന് 7.65 കോടി രൂപ തട്ടിയ സംഭവത്തില്‍ രണ്ടു തായ്വാൻകാര്കൂടി അറസ്റ്റില്‍. തായ്വാന് സ്വദേശികളായ വാങ് ചുന്‍ വെയ്, ഷെന്‍ വെയ് ഹോ എന്നിവരെ അഹമ്മദാബാദില്‍നിന്നാണ് അറസ്റ്റ് ചെയ്തത്.
ഇരുവരെയും തെളിവെടുപ്പിനായി കേരള പോലീസിനു കൈമാറി. ഇവരെ ഇന്നലെ ആലപ്പുഴയിലെത്തിച്ചു. കഴിഞ്ഞ ജൂണില്‍ നടന്ന തട്ടിപ്പില്‍ ഇതര സംസ്ഥാനക്കാര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ നേരത്തേ അറസ്റ്റിലായിരുന്നു.
സംസ്ഥാനത്തുതന്നെ ഏറ്റവും വലിയ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പാണിതെന്ന് പോലീസ് പറഞ്ഞു. നേരത്തെ അറസ്റ്റിലായവരെ ചോദ്യംചെയ്തപ്പോൾ തായ്വാന് കേന്ദ്രീകരിച്ചാണു തട്ടിപ്പെന്ന് വ്യക്തമായിരുന്നു. പ്രതികളെ ഇന്നു ചേര്‍ത്തല കോടതിയില്‍ ഹാജരാക്കും.
ചേര്‍ത്തല സ്വദേശിയും ആലപ്പുഴ മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജി വിഭാഗം മേധാവിയുമായ ഡോ. വിനയകുമാറിന്റെയും ഭാര്യ ഡോ. ഐഷയുടെ പണമാണു നഷ്ടമായത്. ഇന്‍വെസ്കോ, കാപ്പിറ്റല്‍, ഗോള്ഡിമാന്സ് സാക്സ് തുടങ്ങിയ കമ്പനികളുടെ അധികാരികളെന്നു പറഞ്ഞ് വ്യാജരേഖകള്‍ കാണിച്ച് തെറ്റിദ്ധരിപ്പിച്ചും ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്തുമാണ് ഡോക്ടര്‍ ദമ്പതിമാരെ തട്ടിപ്പു സംഘം കുടുക്കിയത്. പണം തട്ടുന്നതിനുവേണ്ടി ഡോക്ടര്‍ക്ക് വാട്സാപ്പ് വഴി ലിങ്ക് അയച്ചുനല്‍കി ഗ്രൂപ്പില്‍ ചേര്‍ത്തുകൊണ്ടാണ് നിക്ഷേപവും ലാഭവും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറിയിരുന്നത്.
കേസ് ആദ്യം അന്വേഷിച്ച ചേര്‍ത്തല പോലീസ്, സംഭവത്തില്‍ കണ്ണികളായ മൂന്നു പേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു പിടികൂടിയിരുന്നു. കോഴിക്കോട് ഓമശേരി പുത്തൂര്‍ ഉള്ളാട്ടന്‍പ്രായില്‍ പ്രവീഷ് (35), കോഴിക്കോട് കൊടുവള്ളി കെടേകുന്നുമ്മേല് മുഹമ്മദ് അനസ് (25), കോഴിക്കോട് കോര്പറേഷന് ചേവായൂര്‍ ഈസ്റ്റ് വാലി അപ്പാര്‍ട്ട്മെന്റ് അബ്ദുള്‍സമദ് (39) എന്നിവരെയാണ് പിടികൂടിയത്. ഇവരില്‍ നിന്നും 20 ലക്ഷം രൂപയും കണ്ടെത്തിയിരുന്നു.
ഡോക്ടറുടെ അക്കൗണ്ടില്‍നിന്നു പണം സ്വീകരിച്ചിട്ടുള്ള അക്കൗണ്ടുകളുടെ ഉറവിടം കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ തായ്വാൻ സ്വദേശികളെ പിടികൂടിയത്. സംഘത്തിലെ പ്രധാന പ്രതികളിലൊരാള്‍ രാജസ്ഥാനില്‍നിന്നു പിടിയിലായതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടായത്.
രാജസ്ഥാന് പാലി സ്വദേശി നിര്‍മല്‍ ജയിനെ(22)യാണ് രാജസ്ഥാനിലെ ജോജോവാറില്നിന്നു പിടികൂടിയത്. ഓണ്‍ലൈന്‍ തട്ടിപ്പു നടത്തുന്ന ചൈനീസ് കമ്പനിയുമായി നേരിട്ടു ബന്ധമുള്ള ഇന്ത്യയിലെ മുഖ്യകണ്ണികളിലൊരാളാണ് നിര്‍മല്‍ ജയിന്.