സർക്കാർ നിരത്തുന്നത് ഏച്ചുകെട്ടിയ കണക്ക്: വി.ഡി. സതീശൻ
Tuesday, February 18, 2025 2:24 AM IST
കൊച്ചി: സംസ്ഥാനത്തെ വ്യവസായ വളർച്ചയെക്കുറിച്ച് ഏച്ചുകെട്ടിയ കണക്കുകളാണ് സർക്കാർ നിരത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
കേരളം ഒന്നാമതെന്ന അവകാശവാദത്തിന് സർക്കാർ കൂട്ടുപിടിക്കുന്ന ഈസ് ഓഫ് ഡൂയിംഗ് സൂചിക വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ലോകബാങ്ക് റദ്ദാക്കിയതാണെന്നും സതീശൻ കൊച്ചിയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
മൂന്നു വര്‍ഷംകൊണ്ട് മൂന്നു ലക്ഷം സംരംഭങ്ങള്‍ തുടങ്ങിയെങ്കിൽ ഒരു നിയോജക മണ്ഡലത്തില്‍ 2000 സംരംഭങ്ങളെങ്കിലും ഉണ്ടാകണം. മൂന്നു ലക്ഷം സംരംഭങ്ങള്‍ കേരളത്തില്‍ തുടങ്ങിയെങ്കില്‍ ഏറ്റവും കുറഞ്ഞത് 10 ലക്ഷം രൂപ മുതല്‍ മുടക്കിയാല്‍ 30,000 കോടി രൂപയുടെ വളര്‍ച്ച കേരളത്തിലുണ്ടാകും.
ഇതു രാജ്യത്തിന്റെ ജിഡിപിയിലേക്കുള്ള സംസ്ഥാനവിഹിതത്തിലും വര്‍ധനവുണ്ടാക്കും. എന്നാല്‍ രാജ്യത്തിന്റെ ജിഡിപിയിലേക്കുള്ള സംസ്ഥാനവിഹിതം 2022ലും 2023ലും 3.8 ശതമാനത്തില്‍ തന്നെയാണ്.
സര്‍ക്കാര്‍ പറയുന്ന മൂന്നു ലക്ഷം സംരംഭങ്ങളില്‍ ജിഎസ്ടി രജിസ്ട്രേഷന് ആവശ്യമില്ലാത്ത 50 ശതമാനം സംരംഭങ്ങളുണ്ടെന്ന് കണക്കാക്കിയാല്‍പ്പോലും കുറഞ്ഞത് 1.5 ലക്ഷം പുതിയ ജിഎസ്ടി രജിസ്ട്രേഷനുകള്‍ എങ്കിലും സംസ്ഥാനത്ത് ഉണ്ടാകുമായിരുന്നു.
അതും ഉണ്ടായിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ വെബ്സൈറ്റ് പ്രകാരം കേരളത്തില്‍ ഇക്കാലയളവില്‍ 30,000 ഓളം പുതിയ ജിഎസ്ടി രജിസ്ട്രേഷന് മാത്രമാണുള്ളത്. ഇതില്‍ എത്രയെണ്ണം അടച്ചുപൂട്ടിയെന്നു വ്യക്തമല്ല.
പെരിയ കേസിലെ പ്രതികള്‍ക്കു ജാമ്യത്തിനായുള്ള നീക്കങ്ങളിലൂടെ ക്രിമിനലുകള്‍ക്ക് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുകയാണ്. അതിനെതിരേ ശക്തമായി പ്രതിഷേധിക്കുമെന്നും സതീശൻ വ്യക്തമാക്കി.