സൗരോര്‍ജ പാനലുകള്‍ കഴുകാന്‍ ഡ്രോണ്‍ സാധ്യതകള്‍ പരിചയപ്പെടുത്തി എംജി സര്‍വകലാശാല
Friday, February 14, 2025 4:45 AM IST
കോട്ടയം: ഡ്രോണ്‍ സാങ്കേതിക വിദ്യയില്‍ പരിശീലനം നേടിയവര്‍ക്ക് ഈ മേഖലയിലെ പുതിയ സാധ്യതകള്‍ പരിചയപ്പെടുത്തി എംജി സര്‍വകലാശാല.
സ്കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സയന്‍സസ് സംഘടിപ്പിച്ച ശില്പശാലയില് ഉയരത്തിലുള്ള സോളാര്‍ പാലനലുകളും കെട്ടിടങ്ങളുടെ ഗ്ലാസുകൊണ്ടുള്ള ഭാഗങ്ങളും ഡ്രോണുകള്‍ ഉപയോഗിച്ച് കഴുകുന്ന രീതി വിശദീകരിച്ചു. മിഡിയം കാറ്റഗറി ഡ്രോണുകളാണ് ഇതിനായി ഉപയോഗിക്കുന്നത്.
ഡ്രോണില്‍ ഘടിപ്പിച്ച ടാങ്കില്‍നിന്നുള്ള വെള്ളം ശക്തിയായി സ്പ്രേ ചെയ്താണ് പാനലുകളും ഗ്ലാസ് ഭിത്തികളും കഴുകുന്നത്. സോളാര്‍ പാനലുകളുടെ ഉപയോഗം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഈ ജോലിയില്‍ പ്രാവീണ്യം നേടുന്നവര്‍ക്ക് ഏറെ സാധ്യതകളുണ്ടെന്ന് സ്കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സയന്‍സസ് ഡീന്‍ ഡോ. കെ.ആര്. ബൈജു പറഞ്ഞു. എഷ്യാ സോഫ്റ്റ് പ്രൈവറ്റ് ലിമിറ്റഡ്, നെക്സ്റ്റ് ലീപ്പ് എയറോനോട്ടിക്സ് എന്നിവയുടെ സാങ്കേതിക സഹകരണത്തോടെ നടത്തിയ ശില്‍പ്പശാലയില്‍ ദുരന്ത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തിനുള്ള അവശ്യസാധനങ്ങള്‍ ഡ്രോണുകള്‍ ഉപയോഗിച്ച് എത്തിച്ചു നല്‍കുന്നതും വിശദീകരിച്ചു. വിവിധ മേഖലകളില്‍നിന്നുള്ള 75 പേര് പങ്കെടുത്തു ഡോ. വി.പി. സൈലസ്, ഡോ. എബിന് വര്‍ഗീസ്, എഷ്യാ സോഫ്റ്റ് പ്രതിനിധി എസ്. നിഷാദ്, നെക്സ്റ്റ്ലീപ് എയ്റോനോട്ടിക്സ് പ്രതിനിധി സുന്ദരപാണ്ഠ്യന് എന്നിവര്‍ പ്രസംഗിച്ചു.