നയപ്രഖ്യാപനത്തോടെ നിയമസഭാ സമ്മേളനത്തിനു നാളെ തുടക്കം
Thursday, January 16, 2025 2:33 AM IST
തിരുവനന്തപുരം: ഭരണ- പ്രതിപക്ഷത്തിനു പരസ്പരം കടന്നാക്രമിക്കാൻ നിരവധി വിഷയങ്ങളുമായി നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനു നാളെ തുടക്കം. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ ആദ്യ നയപ്രഖ്യാപനത്തിനാണ് നാളെ സഭ സാക്ഷ്യം വഹിക്കുന്നത്.
ഉപതെരഞ്ഞെടുപ്പിലൂടെ കടന്നുവന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെയും യു.ആർ. പ്രദീപിന്റെയും ആദ്യസമ്മേളനം കൂടിയാണിത്. ഇവരിൽ പ്രദീപ് മുന്പു നിയമസഭാംഗമായ പാരന്പര്യമുണ്ടെങ്കിൽ രാഹുൽ തികച്ചും പുതുമുഖമാണ്. രണ്ടു ടേമുകളിലായി നിലന്പൂരിനെ പ്രതിനിധീകരിക്കുന്ന ഇടതുസ്വതന്ത്രൻ പി.വി. അൻവർ സഭയിലുണ്ടാകില്ല എന്ന പ്രത്യേകതയും ഈ സമ്മേളനത്തിനുണ്ട്.
ഉപതെരഞ്ഞെടുപ്പുകളിൽ പാലക്കാട്ടും വയനാട്ടിലും നേടിയ വിജയം പ്രതിപക്ഷത്തിന് ഉയർത്തിക്കാട്ടാമെങ്കിൽ ചേലക്കര യു.ആർ. പ്രദീപിലൂടെ നിലനിർത്തിയത് ജനപിന്തുണയുടെ തെളിവായി ഭരണപക്ഷത്തിന് അവകാശപ്പെടാം.
കരുവന്നൂർ ബാങ്ക് മുതൽ സഹകരണമേഖലയിലെ തട്ടിപ്പുകൾ നിരന്തരമായി ഉന്നയിച്ചുവന്ന പ്രതിപക്ഷത്തിന് വയനാട് ഡിസിസി ട്രഷററുടെയും മകന്റെയും ആത്മഹത്യയെ പ്രതിരോധിക്കാൻ നന്നായി ബുദ്ധിമുട്ടേണ്ടി വരും.
കോണ്ഗ്രസ് പാർട്ടിയുടെ നേതൃതലത്തിലെ ഭിന്നതകളും മുഖ്യമന്ത്രി സ്ഥാനം നോട്ടമിട്ട് നടത്തുന്ന നീക്കങ്ങളും ഭരണപക്ഷത്തിനു പ്രതിപക്ഷത്തെ പരിഹസിക്കുന്നതിനുള്ള വിഷയമാകും.
കടുത്ത എതിർപ്പിനെ തുടർന്നു വിവാദ വനനിയമഭേദഗതി സർക്കാർ ഉപേക്ഷിച്ചെങ്കിലും വന്യമൃഗശല്യം സഭാസമ്മേളനത്തിൽ സജീവമായി ഉയർന്നു വരും. ഈയടുത്ത ദിവസങ്ങളിലും കാട്ടാന ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെട്ട സാഹചര്യത്തിൽ ഈ വിഷയം പ്രതിപക്ഷം ഉന്നയിക്കുമെന്ന് ഉറപ്പാണ്.
പൂരം കലക്കലും എം.ആർ. അജിത്കുമാറിനു ഡിജിപിയായി സ്ഥാനക്കയറ്റം നൽകാനുള്ള തീരുമാനവും ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സ് ആപ്പ് ഗ്രൂപ്പ് സൃഷ്ടിച്ച കെ. ഗോപാലകൃഷ്ണനെതിരായ നടപടി പിൻവലിച്ചതും സഭാതലത്തിൽ ചർച്ചയാകും.
പാലക്കാട് ഉപതെരഞ്ഞെടുപ്പിലുണ്ടായ വിവാദങ്ങൾ സഭയിലും പ്രതിധ്വനിക്കും. ബിജെപി ധാരണയുടെ പേരിൽ സിപിഎമ്മിനെ സംശയനിഴലിൽ നിർത്തുന്ന യുഡിഎഫ് തന്ത്രം ഈ സമ്മേളനത്തിലും പ്രയോഗിക്കുമെന്നു വേണം കരുതാൻ.
യുജിസി കരടു റെഗുലേഷനെതിരേ സഭ ഒറ്റക്കെട്ടായി പ്രതിഷേധിച്ചേക്കും. ഇതിനെതിരേ പ്രമേയം പാസാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്നതിനാൽ കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കുന്ന അവസാനത്തെ സന്പൂർണ ബജറ്റ് ആയിരിക്കും ഇത്തവണത്തേത്.
സംസ്ഥാന ജീവനക്കാരുടെ ശന്പള പരിഷ്കരണ കമ്മീഷനെ നിയമിക്കുന്നതുൾപ്പെടെയുള്ള ഒട്ടേറെ സാന്പത്തിക നടപടികളും ഈ സമ്മേളന കാലയളവിൽ പ്രതീക്ഷിക്കുന്നുണ്ട്. സംസ്ഥാനം നേരിടുന്ന കടുത്ത സാന്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ബജറ്റും ശ്രദ്ധാകേന്ദ്രമാകും.
നാളെ നയപ്രഖ്യാപന പ്രസംഗത്തോടെ സഭാ സമ്മേളനം ആരംഭിക്കും. വോട്ട് ഓണ് അക്കൗണ്ട് പാസാക്കി സഭ പിരിയുന്നതിനു പകരം ഇത്തവണ സന്പൂർണ ബജറ്റ് പാസാക്കാനാണു തീരുമാനിച്ചിരിക്കുന്നത്.
മാർച്ച് 28 വരെ നീളുന്ന സമ്മേളനത്തിൽ ആകെ 27 ദിവസം സഭ ചേരും. ഈ മാസം 20, 21, 22 തീയതികളിൽ നയപ്രഖ്യാപനപ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ച നടക്കും. ഫെബ്രുവരി ഏഴിന് ബജറ്റ് അവതരണം. ഫെബ്രുവരി 10, 11, 12 തീയതികളിൽ ബജറ്റിന്മേലുള്ള പൊതുചർച്ച നടക്കും. ഫെബ്രുവരി 14 മുതൽ മാർച്ച് രണ്ടു വരെ സഭ ചേരില്ല.