പെരിയ ഇരട്ടക്കൊലക്കേസ്; മുന്‍ എംഎല്‍എ ഉള്‍പ്പെടെ 14 പ്രതികള്‍ കുറ്റക്കാര്‍
Sunday, December 29, 2024 1:28 AM IST
കൊച്ചി: സംസ്ഥാനത്തെ ഞെട്ടിച്ച കാസർഗോഡ് പെരിയ ഇരട്ടക്കൊലപാതക കേസില്‍ 14 പ്രതികള്‍ കുറ്റക്കാരെന്നു കോടതി. പ്രതിപ്പട്ടികയിലുണ്ടായിരുന്ന പത്തുപേരെ കോടതി കുറ്റവിമുക്തരാക്കി.
ഉദുമ മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമന്, പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എ. പീതാംബരന് എന്നിവരുള്‍പ്പെടെയുള്ള സിപിഎം നേതാക്കളെയാണു കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി ജഡ്ജി എന്‍. ശേഷാദ്രിനാഥന് കുറ്റക്കാരെന്നു കണ്ടെത്തിയത്. പ്രതികള്‍ക്കുള്ള ശിക്ഷ ജനുവരി മൂന്നിനു വിധിക്കും.
2019 ഫെബ്രുവരി 17നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്യോട്ടെ ശരത്ലാലിനെയും (23) കൃപേഷിനെയും (19) രാഷ്ട്രീയ വൈരാഗ്യത്തെത്തുടർന്ന് വെട്ടിക്കൊലപ്പെടുത്തിയത്. ആകെ 24 പേരാണു പ്രതിപ്പട്ടികയിലുണ്ടായിരുന്നത്.
കാസര്‍ഗോട്ടെ മുന്നാട് കോളജിൽ എസ്എഫ്ഐ- കെഎസ്യു തര്‍ക്കവും പിന്നീടുണ്ടായ സംഘര്‍ഷവുമാണ് രണ്ടുപേരുടെ കൊലപാതകത്തില്‍ കലാശിച്ചത്. സിപിഎമ്മിന്റെ പ്രാദേശിക നേതാവ് പീതാംബരനാണു കേസിലെ മുഖ്യ സൂത്രധാരന്‍. പിതാംബരന് ഉള്‍പ്പെടെ എട്ടുപേര്‍ ചേര്‍ന്നാണു കൊല നടത്തിയത്.
മറ്റു പ്രതികള്‍ ഗൂഢാലോചനയിലും തെളിവ് നശിപ്പിക്കലിലും പങ്കാളികളായി. ക്രൈംബാഞ്ച് പ്രതിചേര്‍ത്ത 14 പേരില്‍ പത്തുപേരും കോടതി കുറ്റക്കാരാണെന്നു കണ്ടെത്തി. സിബിഐ തുടരന്വേഷണം നടത്തി പ്രതിചേര്‍ത്ത പത്തുപേരില്‍ നാലുപേരെയാണ് കുറ്റക്കാരാണെന്നു കോടതി കണ്ടെത്തിയിട്ടുള്ളത്.
എ. സുരേന്ദ്രന്, മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമന്, രാഘവന് വെളുത്തോളി, കെ.വി. ഭാസ്കരന് എന്നിവരെയാണു സിബിഐ പ്രതി ചേര്‍ത്തതില്‍ കുറ്റക്കാരെന്നു കണ്ടെത്തിയത്. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത ഒന്നു മുതല്‍ എട്ടു വരെ പ്രതികള്‍ക്കെതിരേ കൊലക്കുറ്റം തെളിഞ്ഞു.
ഒന്നാം പ്രതി പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എ. പീതാംബരന്, രണ്ടാം പ്രതി സി.ജെ. സജി, മൂന്നാം പ്രതി കെ.എം. സുരേഷ്, നാലാം പ്രതി കെ. അനില്‍കുമാര്‍, അഞ്ചാം പ്രതി ജിജിന്, ആറാം പ്രതി ശ്രീരാഗ്, ഏഴാം പ്രതി എ. അശ്വിന്, എട്ടാം പ്രതി സുബിന് എന്നിവര്‍ക്കാണ് കൊലപാതകത്തില്‍ നേരിട്ടു പങ്കുള്ളത്.
സുപ്രീംകോടതി നിര്‍ദേശപ്രകാരം 2020 ഡിസംബര്‍ പത്തിന് കേസന്വേഷണം ഏറ്റെടുത്ത സിബിഐ 2021 ഡിസംബര്‍ മൂന്നിന് എറണാകുളം ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
മൂന്നു വര്‍ഷം നീണ്ട വിചാരണയ്ക്കൊടുവിലാണ് കൊച്ചി സിബിഐ കോടതി പ്രതികൾ കുറ്റക്കാരാണെന്നു കണ്ടെത്തിയത്. 154 പ്രോസിക്യൂഷന് സാക്ഷികളാണ് കേസിലുണ്ടായിരുന്നത്. 495 രേഖകളും 85 തൊണ്ടിമുതലും പ്രോസിക്യൂഷന് ഹാജരാക്കി. പ്രതിഭാഗം മൂന്ന് സാക്ഷികളെയാണു വിസ്തരിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ബോബി ജോസഫാണു ഹാജരായത്.
കോടതിയില്‍ പൊട്ടിക്കരഞ്ഞ് പതിനഞ്ചാം പ്രതി
കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനുശേഷം നടപടിക്രമങ്ങളുടെ ഭാഗമായി പ്രതികള്‍ക്കു പറയാനുള്ളത് കോടതി കേട്ട വേളയില്‍ പതിനഞ്ചാം പ്രതി കോടതിയില്‍ പൊട്ടിക്കരഞ്ഞു.
ജീവിക്കാന്‍ ആഗ്രഹമില്ലെന്നും വധശിക്ഷ നല്കി ജീവിതം അവസാനിപ്പിക്കാന്‍ സഹായിക്കണമെന്നുമായിരുന്നു വിഷ്ണു സുര എന്ന എ. സുരേന്ദ്രന് പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞത്. കൊലപാതകത്തില്‍ പങ്കില്ലെന്നും വധശിക്ഷ തന്നേക്കൂ എന്നും കോടതിയോട് സുരേന്ദ്രന് അഭ്യര്‍ഥിച്ചു.
കുടുംബപ്രാരാബ്ധങ്ങള്‍ എണ്ണിപ്പറഞ്ഞ മറ്റു പ്രതികള്‍ ശിക്ഷയില്‍ ഇളവു വേണമെന്ന് കോടതിയോട് അഭ്യര്‍ഥിച്ചു.
പ്രതികളും തെളിഞ്ഞ കുറ്റങ്ങളും
കൊച്ചി: ഒന്നാംപ്രതി പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എ. പീതാംബരന്, രണ്ടാം പ്രതി സി.ജെ. സജി, മൂന്നാം പ്രതി കെ.എം. സുരേഷ്, നാലാം പ്രതി കെ.അനില്‍കുമാര്‍, അഞ്ചാം പ്രതി ജിജിന്, ആറാം പ്രതി ശ്രീരാഗ്, ഏഴാം പ്രതി എ.അശ്വിന്, എട്ടാം പ്രതി സുബിന് എന്നിവര്‍ക്കെതിരേ കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയവയാണു ചുമത്തപ്പെട്ട കുറ്റങ്ങള്‍.
10. അപ്പു എന്ന ടി. രഞ്ജിത് (ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, പ്രതികളെ രക്ഷപ്പെടാന്‍ സഹായിക്കല്‍)ഗൂഢാലോചന തെളിഞ്ഞു. ഒന്നു മുതല്‍ എട്ടുവരെ പ്രതികള്‍ക്കുമേല്‍ തെളിഞ്ഞ എല്ലാ കുറ്റങ്ങളും ഇയാള്‍ക്കും ബാധകം
14. കെ.മണികണ്ഠന് (ഡിവൈഎഫ്ഐ നേതാവ്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്) പോലീസ് കസ്റ്റഡിയില്‍നിന്നു രണ്ടാം പ്രതിയെ ബലം പ്രയോഗിച്ച് രക്ഷപ്പെടുത്തല്‍. ഇതുമാത്രമാണു തെളിഞ്ഞത്. കുറ്റക്കാരന്‍
15. വിഷ്ണു സുര എന്ന എ. സുരേന്ദ്രന്.(ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, പ്രതികളെ രക്ഷപ്പെടാന്‍ സഹായിക്കല്‍). ഗൂഢാലോചന തെളിഞ്ഞതിനാല്‍ ഒന്നു മുതല്‍ എട്ടു വരെ പ്രതികള്‍ക്കുമേല്‍ തെളിഞ്ഞ എല്ലാ കുറ്റങ്ങളും ഇയാള്‍ക്കും ബാധകം
20. കെ.വി. കുഞ്ഞിരാമന്. (മുന്‍ എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം)- പോലീസ് കസ്റ്റഡിയില്‍നിന്നു രണ്ടാം പ്രതിയെ ബലം പ്രയോഗിച്ച് രക്ഷപ്പെടുത്തല്‍. കുറ്റക്കാരന്‍
21. രാഘവന് വെളുത്തോളി- പോലീസ് കസ്റ്റഡിയില്‍നിന്നു രണ്ടാം പ്രതിയെ ബലം പ്രയോഗിച്ച് രക്ഷപ്പെടുത്തി. കുറ്റക്കാരന്‍
22. ഭാസ്കരന് വെളുത്തോളി-പോലീസ് കസ്റ്റഡിയില്‍നിന്നു രണ്ടാം പ്രതിയെ ബലം പ്രയോഗിച്ച് രക്ഷപ്പെടുത്തല്‍. കുറ്റക്കാരന്‍.